സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കോവിഡ്-19 – Sreekandapuram Online News-
Tue. Sep 22nd, 2020




സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, തൃശൂര്‍ പാലക്കാട് ഒന്നുവീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചവര്‍.
കോവിഡ് 19 മഹാമാരി സംസ്ഥാനത്തിന്റെ സാമ്ബത്തിക വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതങ്ങള്‍ വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. മഹാമാരി സംസ്ഥാനത്തിന്റെ സമ്ബദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു സാമ്ബത്തികാഘാത സര്‍വേ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തും. സര്‍വേയുടെ ചോദ്യാവലിയും വിശദാംശങ്ങളും eis.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളെ കോവിഡ്-19 എങ്ങനെയെല്ലാം ബാധിച്ചു എന്നതിന്‍്റെ വിവരങ്ങളാണ് ഇതുവഴി ശേഖരിക്കുന്നത്. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതുകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ. ഒരു മാസത്തിനുള്ളില്‍ സമിതി ഇടക്കാല പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
മുന്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം.എബ്രഹാം, അഡീഷനല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ് കുമാര്‍ സിങ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍.രാമകുമാര്‍ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍.
കോവിഡ് സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനും പരിശോധന വ്യാപകമാക്കാനുമായി നടത്തുന്ന സെന്റിനല്‍ സര്‍വെയ്‌ലന്‍സ് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും ആരംഭിച്ചു. സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോടു കൂടി ഡോക്ടറും മൈക്രോ ബയോളജിസ്റ്റും ഉള്‍പ്പെട്ട ടീം ആണ് നിരീക്ഷണ കേന്ദ്രങ്ങളില്‍നേരിട്ടെത്തി പരിശോധന നടത്തുന്നത്. ശേഖരിച്ച സാംപിളുകള്‍ പൂളിങ് നടത്തി പരിശോധിക്കുന്നതിനാല്‍ വേഗത്തില്‍ കൂടുതല്‍ ആളുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഏഴ് വിഭാഗങ്ങളില്‍ ആണ് നിലവില്‍ സെന്റിനല്‍ സെര്‍വെയ്‌ലന്‍സ് നടത്തുന്നത്. വിദേശത്തു നിന്നെത്തിയ ആളുകള്‍, കപ്പലില്‍ എത്തുന്ന ആളുകള്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കോവിഡ് ഇതര ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, തുടങ്ങിയ ആളുകളെ ആണ് സെന്റിനല്‍ സെര്‍വെയ്‌ലന്‍സിന് വിധേയരാക്കുന്നത്. നിലവില്‍ ഇത്തരത്തില്‍ 30 സാംപിളുകളുടെ പരിശോധന പൂര്‍ത്തിയാക്കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ആയിരിക്കും സാമ്ബിള്‍ ശേഖരണം നടത്തുന്നത്.
പരിശോധക്ക് വിധേയരാക്കുന്ന ആളുകളെ ഗ്രൂപ്പുകളായി തിരിച്ചു ഓരോ ഗ്രൂപിലെയും ആളുകളുടെ സാംപിളുകള്‍ ഒരുമിച്ചു കലര്‍ത്തിയാണ് പൂള്‍ ടെസ്റ്റ്‌ നടത്തുന്നത്. ആര്‍ക്കും രോഗമില്ലെങ്കില്‍ ഫലം നെഗറ്റീവ് ആയി ലഭിക്കും. പോസിറ്റീവ് ഫലം ലഭിച്ചാല്‍ ഓരോരുത്തരുടെയും സാംപിളുകള്‍ തനിയെ പരിശോധിക്കും.
സാമൂഹിക വ്യാപന സാധ്യത പരിശോധിക്കാനായി മുന്‍പ് നടത്തിയിരുന്ന പരിശോധനയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ വിഭാഗങ്ങളില്‍ പെട്ട 136 സാംപിളുകള്‍ പരിശോധിച്ചിരുന്നു.




By onemaly