കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായെത്തിയ ഇന്ത്യ വംശജയായ ബാലികയ്ക്ക് ആദരം അര്‍പ്പിച്ച്‌ യുഎസ് പ്രസിഡന്റ് – Sreekandapuram Online News-
Thu. Sep 24th, 2020
വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായെത്തിയ ഇന്ത്യ വംശജയായ ബാലികയ്ക്ക് ആദരം അര്‍പ്പിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശ്രവ്യ അണ്ണപ്പ റെഡ്ഡി എന്ന പത്തു വയസകാരിക്കാണ് ട്രംപ് ആദരവ് അര്‍പ്പിച്ചത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ക്ക് ഭക്ഷണവും മറ്റ് സേനാംഗങ്ങള്‍ക്ക് പ്രോത്സാഹവുമായി ഗ്രീറ്റിംഗ് കാര്‍ഡുകളുമാണ് ഈ കൊച്ചുമിടുക്കി തയ്യാറാക്കി നല്‍കിയത്. കൊറോണ മഹാമാരി പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ഇത്തരം സഹായം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കൊറോണ പ്രതിരോധത്തിലേര്‍പ്പെട്ടവരെ സഹായിക്കാന്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച്ച വെച്ചവര്‍ക്ക് ആദരം നല്‍കിയത്.

ഗേള്‍ സ്‌കൗട്ട് ഗ്രൂപ്പ് മെമ്ബറായ ശ്രവ്യ മേരിലാന്‍ഡിലെ ഹാനോവര്‍ എലമെന്ററി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ആന്ധ്രാപ്രദേശ് സ്വദേശികളാണ് ശ്രവ്യയുടെ മാതാപിതാക്കള്‍. ശ്രവ്യയ്‌ക്കൊപ്പം മറ്റ് മൂന്ന് കുട്ടികളെയും ട്രംപ് ആദരിച്ചു.

200 ല്‍ അധികം ആശംസാ കാര്‍ഡുകളാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ഇവര്‍ തയ്യാറാക്കിയത്. കൊറോണ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കാനായി ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലക്ഷക്കണിക്കിന് കുട്ടികളെ പ്രതിനിധീകരിച്ചാണ് താന്‍ ആദരവ് ഏറ്റുവാങ്ങുന്നതെന്ന് ശ്രവ്യ പ്രതികരിച്ചു.
By onemaly