July 2, 2022
കണ്ണൂർ: കെ.സുധാകരൻ എം.പിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം ജില്ലാ നേതൃത്വം.സുധാകരന്റെ നേതൃത്വത്തിൽ കാസർകോട് അതിർത്തിയിൽ നിന്നും കണ്ണൂരിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതായാണ് ആരോപണം.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇതര സംസ്ഥാനത്ത് നിന്നുള്ള പ്രവര്‍ത്തകരെ കേരളത്തിലേക്ക് എത്തിച്ചതായി കോണ്‍ഗ്രസ് എംപി കെ സുധാകരന്റെ അടുത്ത അനുയായിയായ കണ്ണൂര്‍ മട്ടന്നൂരിലെ പ്രാദേശിക നേതാവ് നവീന്‍ കുമാര്‍ പറഞ്ഞായി സി.പി.എം നിയന്ത്രിത ചാനലായ കൈരളി റിപ്പോർട്ട് ചെയ്തിരുന്നു.

കോൺഗ്രസ് എംപിമാർക്കും എംഎൽഎമാർക്കും എട്ടിന്റെ പണി! ഷാഫി പറമ്പിലടക്കം ക്വാറന്റൈനിലേക്ക്!

ദുരിതാശ്വാസ നിധി തോന്നിയത് പോലെയോ? നുണപ്രളയം… വസ്തുതകൾ ഇങ്ങനെയാണ്

ഇയാള്‍ ആളുകളെ നാട്ടിലെത്തിക്കാനായി ആംബുലന്‍സില്‍ കയറ്റുന്ന ദൃശ്യങ്ങളും ഇതിനോടൊപ്പം കാണിച്ചിട്ടുണ്ട്.ആംബുലന്‍സില്‍ ആളുകളെ താൻ നാട്ടിലേക്കെത്തിച്ചതായി നവീൻ പറഞ്ഞതായി ചാനൽ വെളിപ്പെടുത്തുന്നുണ്ട്.നവീന്‍ കുമാര്‍ കോണ്‍ഗ്രസ് എംപി കെ സുധാകരന്റെ അടുത്ത അനുയായിയാണ് അറിയപ്പെടുന്നത്.കെ സുധാകരന്‍ എംപിയുടെ നിര്‍ദേശ പ്രകാരമാണ് ഈ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് ചാനൽ ആരോപിക്കുന്നത്.

ഇതേ തുടർന്ന് സംഭവത്തിൽ തന്റെ ഫെയ്സ് ബുക്ക് പേജിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സുധാകരനെതിരെ രംഗത്തുവന്നു.
ആംബുലൻസിൽ അനുമതിയില്ലാതെ കർണ്ണാടകത്തിൽ നിന്നും മനുഷ്യക്കടത്തിന് നേതൃത്വം കൊടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആവശ്യപ്പെട്ടു.

നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ മലയാളികളെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാസ് നൽകി കൊണ്ടുവരാനുള്ള നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. അതിനെ തകർക്കാൻ ഒരു വിഭാഗം കോൺഗ്രസ്സുകാർ ബോധപൂർവ്വമായ പരിശ്രമമാണ് നടത്തിവരുന്നത്.

വാളയാറിൽ നടന്നത് അത്തരമൊരു പരിശ്രമമായിരുന്നു. പാസ്സില്ലാതെ അനധികൃതമായി കൊണ്ടുവന്ന ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എം.പി.മാരും എം.എൽ.എ.മാരും പോലീസ് ഉദ്യോഗസ്ഥന്മാരും മാധ്യമപ്രവർത്തകരുമുൾപ്പെടെ നിരവധി പേർക്ക് നിരീക്ഷണത്തിൽ പോകേണ്ടിവന്നു. കേരളത്തിൽ രോഗവ്യാപനം ഉണ്ടാക്കി മരണനിരക്ക് വർദ്ധിപ്പിക്കാമെന്ന ദുഷ്ടചിന്തയോടെ കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കമാണ് ആംബുലൻസിലൂടെയുള്ള മനുഷ്യക്കടത്ത്.

ദൃശ്യങ്ങളുടെ പിൻബലത്തോടെ കൈരളി ചാനൽ നൽകിയ റിപ്പോർട്ടിൽ കെ. സുധാകരൻ എം.പി.യുടെയും പ്രാദേശിക കോൺഗ്രസ് നേതാവ് നവീൻ കുമാറിന്റെയും പങ്ക് വെളിപ്പെട്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കർണ്ണാടക – കേരള അതിർത്തിയിൽ ഇത്തരം മനുഷ്യകടത്ത് നടന്നുവരുന്നു എന്ന പരാതി നേരത്തെ ഉയർന്നുവന്നിരുന്നു.

അത്തരക്കാരുടെ മേൽ പോലീസ് കേസ് എടുത്തിട്ടുമുണ്ട്. നവീൻകുമാറിന്റെ വെളിപ്പെടുത്തൽ ഇതിനുമുമ്പും ആംബുലൻസിലൂടെയുള്ള മനുഷ്യക്കടത്ത് നടത്തിയിരുന്നു എന്നാണ്. സുധാകരന്റെ നിർദ്ദേശമനുസരിച്ചാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഓഡിയോ ക്ലിപ്പിലൂടെ വ്യക്തമായിട്ടുണ്ട്. മലയാളികളായ നമ്മുടെ സഹോദരങ്ങൾ കേരളത്തിലെത്തിയാൽ ജീവൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയോടെയാണ് മുന്നോട്ടുവരുന്നത്.

അതിന് പാസ്സിലൂടെ ക്രമീകരണമേർപ്പെടുത്തിയാൽ വീട്ടിലോ സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണകേന്ദ്രങ്ങളിലോ നിരീക്ഷണത്തിൽ കഴിയാം. അത് വരുന്നവരുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും സംരക്ഷണത്തിനുവേണ്ടിയാണ്. അതിർത്തിയിൽ നിന്നുതന്നെ പരിശോധന നടത്തുന്നത് രോഗലക്ഷണമുള്ളയാളെ ആശുപത്രിയിലെത്തിക്കാനാണ്.

 

അതൊന്നും പാടില്ലെന്നാണ് മനുഷ്യക്കടത്തിന് നേതൃത്വം കൊടുത്തവരുടെ വാദം. അത് പ്രവാസികളോടുള്ള സ്‌നേഹം കൊണ്ടല്ല, എൽഡിഎഫ് സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോകമാകെ മാതൃകയായി അംഗീകരിച്ച രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനാണ്. ഇത്തരം ദുഷ്ടചിന്തയിലൂടെ മനുഷ്യക്കടത്തിന് നേതൃത്വം കൊടുത്തവരെ തിരിച്ചറിയാൻ പ്രവാസികൾക്കും ജനങ്ങൾക്കും കഴിയുമെന്നും ജയരാജൻ വ്യക്തമാക്കി.