June 27, 2022കൊച്ചി > മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം ഒരു ടി വി ചാനല്‍ ചര്‍ച്ചാ വേളയില്‍, ബാങ്ക് ജീവനക്കാരെക്കുറിച്ച്‌ നടത്തിയ നിരുത്തരവാദിത്വപരമായ പ്രസ്താവന പിന്‍വലിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിസഭയില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്നിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്‍്റെ ഈ പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നു പോരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളുടെ മറ്റൊരു രൂപമായി മാത്രമേ കാണാനാകൂ.

.കൊറോണ രോഗവ്യാപന പശ്ചാത്തലത്തിലും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ബാങ്ക് ശാഖകളില്‍ ആത്മാര്‍ത്ഥതയോടെ പണിയെടുക്കുന്നവരാണ് ബാങ്ക് ജീവനക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിരവധി ബാങ്ക് ജീവനക്കാര്‍ കൊറോണ രോഗബാധിതരായി. ചിലര്‍ക്ക് ജീവഹാനി പോലും സംഭവിച്ചു. ഇത്തരം സാഹചര്യങ്ങള്‍ നിലവിലുള്ളപ്പോഴാണ് മുന്‍ മന്ത്രി കൂടിയായ അല്‍ഫോണ്‍സ് കണ്ണന്താനം ബാങ്ക് ജീവനക്കാരെയാകെ അവഹേളിക്കുന്ന രീതിയിലുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം തൊഴിലാളികളാണെന്നും അത് കൊണ്ട് തൊഴില്‍ അവകാശങ്ങള്‍ റദ്ദുചെയ്യണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്‍്റെയും ചില സംസ്ഥാന സര്‍ക്കാരുകളുടെയും നയസമീപനങ്ങളുടെ ഭാഗമായി മാത്രമേ കണ്ണന്താനത്തിന്‍്റെ പ്രഖ്യാപനത്തെയും കാണാനാകൂ. നിരുത്തരവാദിത്വപരമായ പ്രസ്താവന ഉടന്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് പ്രസിഡന്റ് ടി. നരേന്ദ്രനും ജനറല്‍ സെക്രട്ടറി എസ് എസ് അനിലും ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്‍്റെ സാമ്ബത്തിക ബാങ്കിംഗ് നയങ്ങള്‍ നടപ്പിലാക്കുക എന്നത് മാത്രമാണ് ബാങ്കുകളിലെ ജീവനക്കാരുടെ കടമ. കേന്ദ്ര സര്‍ക്കാര്‍ 2016 ല്‍ നടപ്പിലാക്കിയ വികലമായ നോട്ടു നിരോധന വേളയില്‍ രാപ്പകല്‍ ഭേദമന്യേ വിശ്രമമില്ലാതെ പണിയെടുത്തവരാണ് ബാങ്ക് ജീവനക്കാര്‍. നൂറു കണക്കിന് സാധാരണക്കാരോടൊപ്പം നിരവധി ബാങ്ക് ജീവനക്കാര്‍ക്കും നോട്ടു നിരോധന വേളയില്‍ ജീവന്‍ നഷ്ടപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്‍്റെ കുത്തക പ്രീണന നയങ്ങള്‍ ബാങ്കിംഗ് മേഖലയിലുണ്ടാക്കിയിരിക്കുന്ന പ്രത്യാഘാതങ്ങള്‍ വിവര്‍ണനാതീതമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ ബാങ്കുകള്‍ എഴുതി തള്ളിയത് 267497 കോടി രൂപയാണ്. പുതിയ പാപ്പര്‍നിയമപ്രകാരം (IBC) ഹെയര്‍കട്ടിനത്തില്‍ ഇതിനേക്കാളേറെ സംഖ്യ ഒഴിവാക്കി കൊടുക്കുകയും ചെയ്തു. ഇങ്ങനെ എഴുതി തള്ളിയതില്‍ ബഹുഭൂരിപക്ഷവും വന്‍കിട കുത്തക മുതലാളിമാരുടെ കിട്ടാക്കടങ്ങളുമാണ്. ഇത്തരം വന്‍കിടക്കാര്‍ക്ക് വായ്പകള്‍ അനുവദിക്കുന്നതും അത് കിട്ടാക്കടമാകുന്ന വേളയില്‍ എഴുതിതള്ളുന്നതുമെല്ലാം കേന്ദ്ര ഭരണാധികാരികളുടെ അനുഗ്രഹാശിസുകളോടെയാണെന്നതുമാണ് വാസ്തവം.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബാങ്കുകള്‍ ഉണ്ടാക്കിയ പ്രവര്‍ത്തന ലാഭം 149804 കോടി രൂപയാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ വന്‍കിടക്കാരുടെ കിട്ടാക്കടത്തിലേക്ക് 216410 കോടി രൂപ നീക്കിയിരുപ്പ് കഴിച്ച്‌ ബാങ്കുകള്‍ 66606 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജീവനക്കാര്‍ പണിയെടുത്ത നേടിയ ലാഭമൊക്കെ വന്‍കിടക്കാര്‍ക്ക് വേണ്ടി ചോര്‍ത്തി നല്‍കിയെന്ന് ചുരുക്കം. ഈ അറ്റ നഷ്ടത്തിന്‍്റെ പാപഭാരവും ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്ര ഭരണാധികാരികള്‍. ഇതിന്‍്റെ പേരില്‍ 2017 നവംബറില്‍ കാലഹരണപ്പെട്ട, ബാങ്ക് ജീവനക്കാര്‍ക്ക് ന്യായമായും അര്‍ഹതയുള്ള, ശമ്ബള പരിഷ്കരണം നല്‍കുന്നതിന് പോലും ബാങ്കധികാരികള്‍ തയ്യാറായിട്ടില്ലെന്നും പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.