സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നുമുതല്‍ – Sreekandapuram Online News-
Sun. Sep 20th, 2020
തിരുവനന്തപുരം: സംസ്ഥാത്ത് ജൂണ്‍ ഒന്നിനു തന്നെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സാധാരണ നിലയിലുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ കുറിച്ച്‌ പിന്നീട് തീരുമാനമെടുക്കുമെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനമായിട്ടുണ്ട്. കീം ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പേപ്പര്‍ പരീക്ഷ നടക്കും.

ജൂണ്‍ 13, 14 തീയതികളില്‍ ഓണ്‍ലൈന്‍ മുഖേന മൂന്നും അഞ്ചും വര്‍ഷ എല്‍എല്‍ബി പരീക്ഷ നടക്കും. ജൂണ്‍ 21ന് എംബിഎ (ഓണ്‍ലൈന്‍ മുഖേന) പരീക്ഷ നടക്കും. ജൂലൈ 4ന് എംസിഎ യ്ക്കുള്ള പരീക്ഷയും നടക്കും. പോളിടെക്നിക്കിനു ശേഷം ലാറ്ററല്‍ എന്‍ട്രി വഴി എഞ്ചിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ ഓഫ് എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് മുഖേനയാണ് ഈ വര്‍ഷം അഡ്മിഷന്‍ നടത്തുക.

കീം പരീക്ഷയ്ക്ക് അപേക്ഷിച്ചവരും ഇപ്പോള്‍ കേരളത്തിന് പുറത്തുള്ളവരുമായ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ ഒരു അവസരം കൂടി ജൂണ്‍ മാസത്തില്‍ നല്‍കും.
By onemaly