
കല്പറ്റ: ചെന്നൈയില്‍ കോവിഡ് 19 വ്യാപനത്തിന് ഇടയാക്കിയ കോയമ്ബേട് മാര്‍ക്കറ്റ് വയനാടിനും ഭീഷണിയാകുന്നു. കോയമ്ബേട് നിന്ന് ചരക്കുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ഗ്രീന്‍ സോണിലായിരുന്ന വയനാട് ജില്ല ഓറഞ്ച് സോണിലേക്ക് മാറിയത്. ഇതേ ലോറി ഡ്രൈവറുടെ മകളുടെ 11 മാസം പ്രായമായ കുഞ്ഞിനാണ് ഇന്ന് വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷം കുഞ്ഞടക്കം നിരീക്ഷണത്തിലായിരുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചീരാല്‍ സ്വദേശി ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റിലെ കടയില്‍ സെയില്സ്മാന് ആയി ജോലി ചെയ്തിരുന്നു. മെയ് ഏഴിന് വാളയാര്‍ ചെക്പോസ്റ്റ് വഴി തിരിച്ചെത്തിയ ഇദ്ദേഹം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ സമ്ബര്‍ക്ക പട്ടികയിലും കൂടുതല്‍ പേരില്ല. ഇദ്ദേഹത്തെ അതിര്‍ത്തിയില്‍ കൂട്ടാന്‍ പോയ രണ്ട് ബന്ധുക്കള്‍ മാത്രമേ സമ്ബര്‍ക്ക പട്ടികയിലുണ്ടാകൂ.
ചെന്നൈ കോയമ്ബേട് മാര്‍ക്കറ്റുമായി ബന്ധമുണ്ടായിരുന്ന അഞ്ച് പേരാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവര്‍ക്കും ചീരാല്‍ സ്വദേശിക്കും, ഇന്ന് കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു.
ലോറി ഡ്രൈവറുടെ സഹ യാത്രികനായ ക്ലീനറുടെ മകന്റെ സുഹൃത്താണ് കമ്മന സ്വദേശി. ക്ലീനറുടെ മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം ക്ലീനര്‍ രോഗ ബാധിതനല്ല. ഇദ്ദേഹത്തിന്റെ സാംപിളുകള്‍ വീണ്ടും പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ക്ലീനറുടെ മകന് കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന കമ്മന സ്വദേശിയും നിരീക്ഷണത്തിലായിരുന്നു.
മീനങ്ങാടി സ്വദേശിനി നിലവില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന ആളുടെ രണ്ടാം സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളയാളാണ്. കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ പോയ മീനങ്ങാടിയിലെ കടയുടമയുടെ ഭാര്യയാണിവര്‍. കടയുടമയുടെ സാംപിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.