ഗുരുവായൂര്‍: ബംഗളൂരുവില്‍നിന്ന് കോട്ടയത്തേക്ക് വന്ന 24 അംഗ സംഘം സഞ്ചരിച്ച ബസ് തമിഴ്നാട്ടിലെ കരൂരില്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് കണ്ടാണശേരി സ്വദേശിയായ ഡ്രൈവര്‍ മരിച്ചു. ആട്ടയൂര്‍ വലിയകത്ത് വീട്ടില്‍ സലീമിെന്റ മകന് ഷെഹീറാണ് (28) മരിച്ചത്. അടുത്ത സെപ്റ്റംബര്‍ ഏഴിന് വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. മാതാവ്: സുഹറ. സഹോദരങ്ങള്‍: ഷെബീര്‍, ഷഹനാസ്, ഷബനാസ്.
ബംഗളൂരുവില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജയ് ഗുരു എന്ന ബസ് തമിഴ്നാട്ടിലെ കരൂരില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. ജീവനക്കാര്‍ അടക്കം 26 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള നഴ്സിങ് വിദ്യാര്‍ത്ഥികളായിരുന്നു യാത്രക്കാരില്‍ ഏറെയും. പരിക്കേറ്റ 18 പേരെ അമരാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.