Tue. Sep 29th, 2020




തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണവുമായി ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ അനുകൂലികള്‍. കേരളത്തിനും സംസ്ഥാന സര്‍ക്കാരിനും എതിരായാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം നടത്തുന്നത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയാണെന്ന് ‘ലെഫ്റ്റിസ്റ്റ് ലൂട്ട് കേരള ടെംപിള്‍സ് എന്ന ഹാഷ്ടാഗിന്റെ അകമ്ബടിയോടെ ഇവര്‍ പ്രചരിപ്പിക്കുന്നത്.

ആള്‍ദൈവങ്ങള്‍, സന്യാസിമാര്‍, പ്രഭാഷകര്‍ എന്നിവര്‍ ഈ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തുള്ള മറ്റ് ക്ഷേത്രങ്ങളും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്തതിനു സമാനമായി കൊവിഡ് ഫണ്ടിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന കാര്യം വിമര്‍ശനമുയര്‍ത്തുന്നവര്‍ മനപ്പൂര്‍വം വിസ്മരിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം സോമനാഥ് ട്രസ്റ്റ് മുഖ്യമന്ത്രി വിജയ് റൂപാനിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഒരു കോടി രൂപയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളാണ്. അംബാജി മന്ദിര്‍ ഗുജറാത്ത് സര്‍ക്കാരിന് ഒരു കോടിയാണ് നല്‍കി. ഗുജറാത്തില്‍ തന്നെ സ്വാമിനാരായണ ക്ഷേത്രം 1.88 കോടിയും ദുരിതാശ്വാസ സംഭാവനയായി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം വകയായി തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്രപ്രദേശ് സര്‍ക്കാരിന് 19 കോടി നല്‍കിയിരുന്നു.

അതേസമയം, ഷിര്‍ദ്ദിയിലെ ശ്രീ സായ്ബാബ സന്‍സ്താന്‍ ട്രസ്റ്റ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടിയാണ് സംഭാവന ചെയ്തത്. ബിഹാറിലെ മഹാവിര്‍ മന്ദിര്‍ ട്രസ്റ്റ് സി.എം റിലീഫ് ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരില്‍ ദേവസ്ഥാന്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള മഹാലക്ഷ്മി ക്ഷേത്രത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് ഒന്നരക്കോടിയും കളക്ടറുടെ ഫണ്ടിലേക്ക് അമ്ബത് ലക്ഷവും സംഭാവന നല്‍കിയിട്ടുണ്ട്. പഞ്ച്ഗുളയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മാതാ മന്‍സി ദേവി ക്ഷേത്രം ഹരിയാന സര്‍ക്കാരിന് ദുരിതാശ്വാസ സംഭാവനയി പത്തു കോടി രൂപയും നല്‍കിയിരുന്നു.

ഈ വസ്തുതകള്‍ നിലനില്‍ക്കെയാണ് ഉത്തരേന്ത്യന്‍ സംഘ്പരിവാര്‍ അനുകൂലികള്‍ കേരളത്തിന് നേരെ വാളെടുക്കുന്നത്. കൊവിഡ് പ്രതിരോധ ആവശ്യങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡ് പണം നല്‍കിയതിനെതിരെ ബി.ജെ.പിയുടെ കുമ്മനം രാജശേഖരന്‍, കെ.സുരേന്ദ്രന്‍, ബി.ഗോപാലകൃഷ്ണന്‍ എന്നിവരും ആര്‍.എസ്.എസും രംഗത്ത് വന്നിരുന്നു. ഇതിനുപിന്നാലെ സംഭാവന നല്‍കിയതിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്യപ്പെട്ടിരുന്നു. കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലാണ്. ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയും ബി.ജെ.പിയുടെ വാക്കുകള്‍ ഏറ്റുപിടിക്കുകയായിരുന്നു.




By onemaly