
തിരുവനന്തപുരം: വീടുകളില്‍ നിരീക്ഷണത്തിലുള്ള ഗര്‍ഭിണികള്‍ ആരോഗ്യവകുപ്പ് നിഷ്കര്‍ഷിക്കുന്ന ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തി വീടുകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ സ്വന്തം നിലയ്ക്ക് ആശുപത്രികള്‍ തെരഞ്ഞെടുക്കാന്‍ പാടില്ല. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ആശുപത്രി തെരഞ്ഞെടുക്കണമെന്ന് പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാട്ടിലെത്തിയ പ്രവാസികളായ ഗര്‍ഭിണികള്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അവരും അവരുടെ വീട്ടുകാരും കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ആശുപത്രികളിലേക്ക് പോകേണ്ടിവന്നാല്‍ ആരോഗ്യവകുപ്പിന്റെ കണ്ട്രോള് റൂമുമായി ബന്ധപ്പെടണം.
ഇഷ്ടമുള്ള ആശുപത്രിയില്‍ കയറി ഇറങ്ങുന്ന സ്ഥതി ഈ ഘട്ടത്തില്‍ പറ്റില്ല. അത് ആരോഗ്യ സുരക്ഷയ്ക്ക് ഹാനിയായി മാറും. ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെ പ്രത്യേക പരിഗണനാ വിഭാഗത്തില്‍പ്പെട്ട 114 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.