Thu. Oct 28th, 2021




ഒന്നാം ഡോസ് വാക്സിന്‍ എടുക്കാത്തവരോട് തദ്ദേശസ്ഥാപനങ്ങള്‍ കാരണംതേടുന്നു

കണ്ണൂര്‍: നിങ്ങള്‍ എന്തുകൊണ്ട് കോവിഡ് പ്രതിരോധ വാക്സിനെടുക്കുന്നില്ല? എന്താണ് തടസ്സം? ഒന്നാം ഡോസ് വാക്സിന്‍ എടുക്കാത്തവരോട് തദ്ദേശസ്ഥാപനങ്ങള്‍ കാരണംതേടുന്നു. ആദ്യ ഡോസ് 80 ശതമാനത്തിനുമുകളില്‍ ഉയരാത്ത സാഹചര്യത്തിലാണ് ചില തദ്ദേശസ്ഥാപനങ്ങള്‍ വിശദീകരണം തേടുന്നത്. കണ്ണൂര്‍ ജില്ലയില്‍ എട്ടിലധികം ഗ്രാമപ്പഞ്ചായത്തുകളാണ്‌ ഇങ്ങനെ കത്ത് വാങ്ങുന്നത്‌. പലതവണ ബോധവത്കരിച്ചിട്ടും ചിലര്‍ വാക്സിനോട് പുറംതിരിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം ആരംഭിച്ചിരിക്കുന്നത്.

കോവിഡ് ബാധിച്ച്‌ 90 ദിവസം തികയാത്തവരും മറ്റു രോഗമുള്ളവരുമാണ് നിലവില്‍ പല തദ്ദേശസ്ഥാപനങ്ങളിലും ഒഴിഞ്ഞിട്ടുള്ളത്. പക്ഷെ ബോധപൂര്‍വം വിമുഖത കാട്ടുന്നവര്‍ ഇവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്. സെപ്റ്റംബര്‍ 17 വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ 12 തദ്ദേശസ്ഥാപനങ്ങള്‍ ഒന്നാംഡോസ് 80 ശതമാനത്തിലേക്ക് എത്തിയിട്ടില്ല. എന്തുകൊണ്ടാണ് വാക്സിന്‍ എടുക്കാത്തതെന്ന് വിശദീകരണപത്രം ശേഖരിക്കാന്‍ തുടങ്ങിയതായി വേങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത വ്യക്തമാക്കി.








By onemaly