
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്താന്‍ തയാറായ പ്രവാസികള്‍ക്ക് കേന്ദ്രത്തിെന്റ ഇരുട്ടടി. നോര്‍ക്ക വഴി 69,170 പേരാണ് കണ്ണൂര്‍ വഴി നാട്ടിലെത്താന്‍ ആഗ്രഹം അറിയിച്ചത്. എന്നാല്‍, സംസ്ഥാനം നല്കിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍നിന്ന് കാരണങ്ങളൊന്നും വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍ കണ്ണൂരിനെ ഒഴിവാക്കി. ഇതോടെ ഏറെപേര്‍ക്ക് കരിപ്പൂര്‍, നെടുമ്ബാശ്ശേരി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. കണ്ണൂരിന് പുറമെ കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളിലുള്ളവരും കണ്ണൂര്‍ വഴി നാട്ടിലെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനു വിപുല സജ്ജീകരണമാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്.
കോവിഡ് ലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലാക്കാന്‍ നിരവധി കേന്ദ്രങ്ങള്‍ ജില്ല ഭരണകൂടം ഒരുക്കി. അഞ്ചരക്കണ്ടിയിലെ ജില്ലതല കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ വിമാനത്താവളത്തിനടുത്താണ് എന്നതും ആശ്വാസമായിരുന്നു. പ്രവാസികളുടെ മടക്കം സംബന്ധിച്ച് വിമാനത്താവളം ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്കി ആദ്യഘട്ടത്തില്‍ രംഗത്തിറങ്ങേണ്ടവരുടെ ബാച്ചിനെയും ഒരുക്കി നിര്‍ത്തി. കണ്ണൂരിനെ ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളില്‍നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കിയാല്‍ എം.ഡി വി. തുളസീദാസ് പറഞ്ഞു.
ഏപ്രില്‍ 27ന് എല്ലാ ഏജന്‍സികളുടെയും യോഗം ചേര്‍ന്ന് പ്രവാസികളെ സ്വീകരിക്കാന്‍ പ്രത്യേകം പദ്ധതി തയാറാക്കിയിരുന്നു. മൊത്തം പ്രവാസികളുടെ മൂന്നില്‍ ഒരുഭാഗം കണ്ണൂര്‍ വിമാനത്താവള പരിധിയിലുള്ളവരാണ്. മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ കണ്ണൂര്‍ വഴി പ്രവാസികള്‍ക്ക് എത്താന്‍ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തുളസീദാസ് പറഞ്ഞു. മറ്റു വിമാനത്താവളങ്ങളില്‍ വിമാനമിറങ്ങിയാലും നാട്ടിലെത്താന്‍ പ്രയാസപ്പെടും. വാഹനസൗകര്യവും പാസും വേണം. കണ്ണൂരില്‍ വിമാനമിറങ്ങാന്‍ പ്രവാസികളും സ്വീകരിക്കാന്‍ വിമാനത്താവളവും ഒരുക്കമാണെന്നിരിക്കെയാണ് കേന്ദ്രത്തിെന്റ ഇരുട്ടടി.