Sat. Sep 25th, 2021




മുഹമ്മദിനു മരുന്ന് വേഗം ലഭിക്കും; ഇറക്കുമതി നികുതിയും ചുങ്കവും ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്‌എംഎ) രോഗം ബാധിച്ച മട്ടന്നൂര്‍ സ്വദേശി ഒന്നരവയസുകാരന്‍ മുഹമ്മദിന്റെ ചികിത്സക്കുള്ള മരുന്നിന് ഇറക്കുമതി നികുതിയും ചുങ്കവും ഒഴിവാക്കി കേന്ദ്രം. നികുതി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയതായി ലോക്‌സഭാ എംപി ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

എസ്‌എംഎ രോഗത്തിനുള്ള മരുന്നിന് ഇറക്കുമതി ചുങ്കവും ജിഎസ്ടിയും അടക്കം 18 കോടിയോളം രൂപയാണ് ചിലവ് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തില്‍ നികുതിയളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കുട്ടിയുടെ കുടുംബം എംപി വഴി ധനമന്ത്രി നിര്‍മല സീതാരാമനെ സമീപിച്ചിരുന്നു. അതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. നികുതി ഇളവ് ലഭിക്കുമ്ബോള്‍ മരുന്നിന്റെ വിലയില്‍ ഏകദേശം ആറ് കോടിയോളം രൂപയുടെ കുറവ് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

നികുതിയിളവ് ലഭിച്ച സാഹചര്യത്തില്‍ മരുന്ന് വേഗത്തില്‍ എത്തിക്കാനും ഉടന്‍ തന്നെ ചികിത്സ ആരംഭിക്കാനും കഴിയുമെന്ന് എംപി ഇ.ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

മുഹമ്മദിന്റെ രോഗ വിവരം വാര്‍ത്തകളിലൂടെ പുറത്തുവന്നതോടെ നിരവധിപേരാണ് സഹായവുമായി എത്തിയത്. മലയാളികള്‍ അകമഴിഞ്ഞു സഹായിച്ചപ്പോള്‍ 46.78 കോടി രൂപയാണ് അക്കൗണ്ടില്‍ എത്തിയത്. മുഹമ്മദിന്റെയും സമാന രോഗമുള്ള സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് പണം ഉപയോഗിച്ച ശേഷം ബാക്കി തുക എസ്‌എംഎ രോ​ഗം ബാധിച്ച മറ്റു കുട്ടികള്‍ക്കായി ചിലവിടാനാണ് മുഹമ്മദ് ചികിത്സാ കമ്മിറ്റിയുടെടെയും കുടുംബത്തിന്റെയും തീരുമാനം.






By onemaly