തിരുവനന്തപുരം : വിദേശത്ത് കൊവിഡ് ബാധിച്ച് എട്ടുവയസുകാരന് ഉള്‍പ്പടെ അഞ്ചുമലയാളികള്‍ മരിച്ചു. വൈദികനും എട്ടുവയസുകാരനും ഉള്‍പ്പടെ മൂന്നുപേര്‍ അമേരിക്കയിലും രണ്ടുപേര്‍ യു.എ.ഇയിലുമാണ് മരിച്ചത്.
കോട്ടയം പാലാ പന്തത്തല വട്ടോടിയില്‍ സുനീഷ് സുകുമാരന്‍-ദീപ ദമ്ബതികളുടെ മകന് അദ്വൈത് (8) ആണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. നഴ്സുമാരായ സുനീഷും ദീപയും പത്ത് വര്‍ഷത്തോളമായി ന്യൂയോര്‍ക്കിലെ എലംസ്ഫോഡിലാണ് താമസം. ജോലിക്കിടെ കൊവിഡ് ബാധിച്ച ഇരുവരും ഹോം ക്വാറന്റൈനില്‍ ആയിരുന്നു. ഇവര്‍ സുഖം പ്രാപിച്ച് ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് അദ്വൈതിന് രോഗലക്ഷണം കണ്ടത്. ഉടന്‍ ചികിത്സ തേടിയെങ്കിലും രക്ഷിക്കാനായില്ല. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥി അര്ജുന് സഹോദരനാണ്.
അമേരിക്കയില്‍ മരിച്ച മറ്റുരണ്ടുപേര്‍ കൊല്ലം സ്വദേശികളാണ്. മാര്‍ത്തോമ്മ സഭാ വൈദികനായിരുന്ന കൊട്ടാരക്കര കിഴക്കേ തെരുവ് പട്ടമല കല്ലുപറമ്ബില്‍ വീട്ടില്‍ പരേതരായ മാത്യുവിന്റെയും മറിയാമ്മയുടെയും മകന് ഫാ. എം. ജോണ്‍ (87), കുണ്ടറ പുന്നമുക്ക് കല്ലറയ്ക്കല്‍ തടത്തുവിള പുത്തന്‍ വീട്ടില്‍ ഗീവര്‍ഗീസ് എം. പണിക്കര്‍ (63) എന്നിവരാണ് ഫിലാഡല്‍ഫിയയില്‍ മരിച്ചത്.
ക്രിസ്റ്റോസ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമായിരുന്ന ഫാ. എം. ജോണ്‍ കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. ഭാര്യ: അന്നമ്മ. മക്കള്‍: സുജ, ജയ, എബി, ആശ. ഫിലാഡല്‍ഫിയയില്‍ പണിക്കര്‍ ട്രാവത്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഗീവര്‍ഗീസ് എം. പണിക്കര്‍. ഭാര്യ: അന്നമ്മ. ജി. പണിക്കര്‍ (നഴ്സ്, അമേരിക്ക). മക്കള്‍: ജോയല്‍, ആല്ബിന്. മരുമകള്‍: ജിസി ജോയല്‍.
ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് പള്ളത്ത് വീട്ടില്‍ ഹസ്സന്റെ മകന് മുഹമ്മദ് ഹനീഫയാണ് (65) റാസല്‍ഖൈമയില്‍ മരിച്ചത്. അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്ബനിയില്‍ (എ.ആര്.സി) സൂപ്പര്‍വൈസറായിരുന്നു. ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്, ഹസ്ബിന.
കോഴഞ്ചേരി നെല്ലിക്കാല തെക്കേപറമ്ബില്‍ പരേതനായ രാമന്‍കുട്ടിയുടെ മകന് റോഷന് കുട്ടി (58) അബുദാബിയിലാണ് മരിച്ചത്. എന്‍.പി.സി.സി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: പ്രിയ (എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ), പാര്‍ത്ഥിപ് (പ്ലസ്ടു വിദ്യാര്‍ത്ഥി).