കൊറോണ ബാധിച്ച്‌ മദീനയില്‍ മറ്റൊരു മലയാളി കൂടി മരണപ്പെട്ടു; ഇതോടെ മലയാളികളിലെ മരണം ഏഴായി – Sreekandapuram Online News-
Sun. Sep 27th, 2020




ജിദ്ദ: മദീനയില്‍ ഒരു മലയാളി കൂടി കൊറോണ ബാധിച്ച്‌ മരണപ്പെട്ടു. മലപ്പുറം, മക്കരപറമ്ബ്, പഴമള്ളൂര്‍, കട്ടുപ്പാറ സ്വദേശി ഹംസ അബുബക്കര്‍ അരീക്കത്ത് (59) ആണ് കൊറോണ പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് മദീനയിലെ ഡോ. ഹാമിദ് സുലൈമാന്‍ അല്‍അഹ്‌മദി ആശുപത്രിയില്‍ ചികിത്സയിലായിരിക്കേ ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മദീനയില്‍ ഖബറടക്കും. ഇതോടെ സൗദിയില്‍ കൊറോണ ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഇദ്ദേഹത്തിന്റെ മരണം കൊറോണ വൈറസ് മൂലം തന്നെയെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. രണ്ടാഴ്ചകള്‍ക്ക് മുമ്ബ് കണ്ണൂര്‍ സ്വദേശിയായ യുവാവ് കൊറോണ പിടിപെട്ടതിനെ തുടര്‍ന്ന് മദീനയില്‍ വെച്ച്‌ മരണപ്പെട്ടിരുന്നു.

നാല് പതിറ്റാണ്ടിലേറെ കാലമായി ജിദ്ദയിലെയും മദീനയിലെയും അല്‍ബൈക്ക് റസ്റ്റോറന്റുകളില്‍ മാനേജര്‍ പദവിയിലുള്ള ജീവനക്കാരനായിരുന്നു ഹംസ. സൗദിയിലെ മുന്‍നിര ഭക്ഷണ ബ്രാന്‍ഡുകളില്‍ ജനകീയമായ അല്‍ബൈക് ബ്രോസ്റ്റ് സ്ഥാപിതമായത് മുതല്‍ അതിന്റെ ഭാഗമായ ഹംസ മാനേജര്‍ പദവിയിലുള്ള ജീവനക്കാരനായാണ് വിടപറഞ്ഞത്.

പരേതരായ അരിക്കത്ത് അബൂ ഹാജിയുടെയും കാച്ചിനിക്കാട് ചോലക്കല്‍ ആയിശയുടെയും മകനാണ്. സുഹറാ ഉരുണിയന്‍, സുനീറ അരീക്കത്ത് എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: അന്‍വറലി, അബദുല്‍ സല്‍മാന്‍ (ഇരുവരും ദുബൈ), റുബിയത്ത്, അബ്ദുല്‍ മനാഫ്, ഹിദ, ഹിഷാം, യാസന്‍. മരുമക്കള്‍: കോലകണ്ണി അസിഫ് (പാതിരമണ്ണ), ഷംന (ചാഞ്ഞാല്‍), ഷബീബ (പട്ടര്‍കടവ്). സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, അബ്ദുല്‍ അസീസ്, ഉബൈദ്, സലാം, അലി, ഷരീഫ്, സൈനബ, സലീന.

ഇതിനകം കൊറോണ ബാധിച്ച്‌ സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ മരണപ്പെട്ട മറ്റു മലയാളികള്‍ ഇവരാണ്: കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29) – മരണം മദീനയില്‍, മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി കോട്ടുവാല ഇപ്പു മുസ്ലിയാര്‍ എന്ന മുഹമ്മദ്‌ മുസ്ലിയാര്‍ (57) – മരണം മക്കയില്‍, മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41) – മരണം റിയാദില്‍, വിജയകുമാരന്‍ നായര്‍ (51) – മരണം റിയാദില്‍, മലപ്പുറം ,കൊളപ്പുറം, ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) – മരണം ജിദ്ദയില്‍, ആലപ്പുഴ, ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51) – മരണം ഖസീമില്‍.




By onemaly