Thu. Aug 5th, 2021




‘സ്ത്രീകളെ പൂജാരിയാക്കുന്നതിനോട് ബിജെപിക്ക് പൂര്‍ണ്ണ യോജിപ്പ്’; പക്ഷേ വിശ്വാസകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ടെന്ന് എംടി രമേശ്

സ്ത്രീകളെ പൂജാരിയാക്കുന്നതിനോട് ബിജെപിക്ക് പൂര്‍ണ്ണയോജിപ്പാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. സ്ത്രീകള്‍ പൂജാരികളാകുക എന്ന ആശയത്തോട് പാര്‍ട്ടിക്ക് എതിര്‍പ്പില്ലെങ്കിലും വിശ്വാസപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനോട് വിയോജിപ്പാണെന്ന് എംടി രമേശ് പറഞ്ഞു. സ്ത്രീകളെ പൂജാരിമാരാക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.




ഹിന്ദു സമുദായത്തില്‍ സ്ത്രീകള്‍ പൂജാരിമാരാകുക എന്നത് ഒരു പുതിയ കാര്യമല്ലെന്ന് എംടി രമേശ് പറയുന്നു. കാലാകാലങ്ങളില്‍ ഹിന്ദു സമൂഹത്തില്‍ സ്ത്രീകള്‍ പൂജാരിമാരായുണ്ട്. ഇതിനെ ഒരു വിപ്ലവമായി കാണേണ്ടതില്ലെന്നാണ് എംടി രമേശിന്റെ പക്ഷം. ഇവിടെ ദേവസ്വം ബോര്‍ഡിന് തമിഴ്‌നാട് സര്‍ക്കാര്‍ എടുത്ത തീരുമാനം എടുക്കാം. എന്നാല്‍ സര്‍ക്കാരിന്റേതായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് എംടി രമേശ് വ്യക്തമാക്കി. മനോരമ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബുക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന പ്രഖ്യാപനം നടത്തിയതിനെത്തുടര്‍ന്നാണ് കേരളത്തിലും ഇത്തരം ചര്‍ച്ചകള്‍ സജീവമാകുന്നത്. സ്ത്രീകളെ പൂജാരികളായി നിയമിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആയിരുന്നു തമിഴ്‌നാട്ടില്‍ ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത്.





കേരളത്തിലെ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പൂജാരികളായി വരണമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരിയാകുന്നതിന് ഒരു സ്ത്രീ പോലും അപേക്ഷിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്. പൂജാരിയാകാന്‍ യോഗ്യതയും പൂജാകര്‍മ്മങ്ങളിലും മന്ത്രവിദ്യകളിലും പരിജ്ഞാനവും യോഗ്യതയും താല്‍പ്പര്യവുമായി കേരളത്തിലെ ഒരു സ്ത്രീ പോലും മുന്നോട്ടുവന്നിട്ടില്ലെന്നാണ് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ത്തന്നെ ഇനിയും കേരളത്തിലെ ക്ഷേത്രങ്ങളില പൂജാരി എന്നത് പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന മേഖലയായി തുടരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലായി കേരളത്തില്‍ ഏകദേശം 2000നടുത്ത് ക്ഷേത്രങ്ങളാണുള്ളത്. ഈ ക്ഷേത്രങ്ങളിലെല്ലാം പുരുഷന്മാര്‍ തന്നെയാണ് പൂജ നടത്തുന്നത്. സര്‍ക്കാര്‍ അംംഗീകൃത തന്ത്ര സ്‌കൂളുകളില്‍ നിന്നും പൂജാ വിധികളും ആചാരങ്ങളും പഠിച്ച് ഔപചാരികമായി യോഗ്യത നേടിക്കഴിഞ്ഞ സ്ത്രീകളെ കണ്ടുകിട്ടാന്‍ പോലുമില്ലെന്നാണ് ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരം വിദ്യകള്‍ പഠിക്കാനും പൂജാരിയാകാനും താല്‍പ്പര്യം പ്രകടിപ്പിച്ച് സ്ത്രീകള്‍ മുന്നോട്ടുവരുന്നില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു



By onemaly