Thu. Aug 5th, 2021




ചര്‍ച്ചകള്‍ ആരംഭിച്ചിട്ടും അപേക്ഷകരില്ല; കേരളത്തിലെ ക്ഷേത്രങ്ങളില്‍ പൂജാരിയാകാന്‍ താല്‍പര്യവും പരിജ്ഞാനവുമുള്ള ഒരു സ്ത്രീ പോലുമില്ല; റിപ്പോര്‍ട്ട്

കേരളത്തിലെ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പൂജാരികളായി വരണമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞിട്ടും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരിയാകുന്നതിന് ഒരു സ്ത്രീ പോലും അപേക്ഷിച്ചിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്. പൂജാരിയാകാന്‍ യോഗ്യതയും പൂജാകര്‍മ്മങ്ങളിലും മന്ത്രവിദ്യകളിലും പരിജ്ഞാനവും യോഗ്യതയും താല്‍പ്പര്യവുമായി കേരളത്തിലെ ഒരു സ്ത്രീ പോലും മുന്നോട്ടുവന്നിട്ടില്ലെന്നാണ് ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനാല്‍ത്തന്നെ ഇനിയും കേരളത്തിലെ ക്ഷേത്രങ്ങളില പൂജാരി എന്നത് പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്യുന്ന മേഖലയായി തുടരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.




തിരുവതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലായി കേരളത്തില്‍ ഏകദേശം 2000നടുത്ത് ക്ഷേത്രങ്ങളാണുള്ളത്. ഈ ക്ഷേത്രങ്ങളിലെല്ലാം പുരുഷന്മാര്‍ തന്നെയാണ് പൂജ നടത്തുന്നത്. സര്‍ക്കാര്‍ അംംഗീകൃത തന്ത്ര സ്‌കൂളുകളില്‍ നിന്നും പൂജാ വിധികളും ആചാരങ്ങളും പഠിച്ച് ഔപചാരികമായി യോഗ്യത നേടിക്കഴിഞ്ഞ സ്ത്രീകളെ കണ്ടുകിട്ടാന്‍ പോലുമില്ലെന്നാണ് ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പറയുന്നത്. ഇത്തരം വിദ്യകള്‍ പഠിക്കാനും പൂജാരിയാകാനും താല്‍പ്പര്യം പ്രകടിപ്പിച്ച് സ്ത്രീകള്‍ മുന്നോട്ടുവരുന്നില്ലെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.



ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരിയാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഒരു സ്ത്രീ പോലും മുന്നോട്ട് വന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ തങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറയുന്നത്. തമിഴ്നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ ബാബുക്ഷേത്രങ്ങളില്‍ സ്ത്രീകളെ പൂജാരിമാരായി നിയമിക്കുമെന്ന പ്രഖ്യാപനം നടത്തിയതിനെത്തുടര്‍ന്നാണ് കേരളത്തിലും ഇത്തരം ചര്‍ച്ചകള്‍ സജീവമാകുന്നത്. സ്ത്രീകളെ പൂജാരികളായി നിയമിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആയിരുന്നു തമിഴ്‌നാട്ടില്‍ ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത്.



എല്ലാ മതങ്ങളും സ്ത്രീകളെ പുരോഹിതന്മാരാക്കാന്‍ സമ്മതം അറിയിച്ചാല്‍ മാത്രമേ കേരളത്തിലെ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പൂജാരികളായി വരണമോ എന്ന ചര്‍ച്ച തന്നെ നടത്തേണ്ടതുള്ളൂവെന്ന് ആലുവ തന്ത്ര പീഢം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി വ്യക്തമാക്കി. എല്ലാ മതങ്ങളും ഈ നിര്‍ദ്ദേശം സമ്മതിച്ചാല്‍ മാത്രമേ നവോഥാനം അര്‍ഥവത്താകൂവെന്നും അദ്ദേഹം ദി ഹിന്ദു ദിനപത്രത്തോട് പറഞ്ഞു



By onemaly