Tue. Jun 15th, 2021




രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ കേരളം മുന്നില്‍. ജനസംഖ്യാ അനുപാതികമായുള്ള കണക്കുക്കള്‍ പ്രകാരമാണ് കേരളത്തിന്റെ മുന്നേറ്റം. സ്ത്രീ പുരുഷ അനുപാത പ്രകാരം കേരളത്തില്‍ 1000 പുരുഷന്‍മാര്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ 1087 സ്ത്രീകള്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ദേശീയ തലത്തില്‍ ഈ കണക്ക് 1000 പുരുഷന്‍മാര്‍ക്ക് 854 എന്നതാണെന്നിരിക്കെയാണ് കേരളം മാതൃകയാവുന്നത്. ജൂണ്‍ 10 ലെ കോവിന്‍ വെബ്‌സൈറ്റിലെ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ഛത്തീസ്ഗഢാണ് പട്ടികയില്‍ സ്ത്രീകള്‍ക്ക് കൂടുതതല്‍ വാക്‌സിന്‍ നല്‍കിയ മറ്റൊരു സംസ്ഥാനം. ആയിരം പുരുഷന്‍മാരില്‍ 1045 പേര്‍ക്ക് ഛത്തീസ്ഗഢില്‍ വാക്‌സിന്‍ വിതരണം നടത്തിയിട്ടുണ്ട്. ജമ്മു-കശ്മീര്‍, ഡല്‍ഹി , ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

അതേസമയം, പതിനെട്ട് വയസ്സിന് മുകളില്‍ വാക്‌സില്‍ സ്വീകരിച്ചവരില്‍ ഹിമാചല്‍ പ്രദേശാണ് മുന്നില്‍. 38.4 ശതമാനം പേരാണ് ഹിമാചലില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 32.3 ശതമാനം പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. എന്നാല്‍ പ്രായപൂര്‍ത്തിയാവരുടെ വാക്‌സിനേഷന്‍ സംബന്ധിച്ച പട്ടികയില്‍ ജമ്മു കശ്മീന്‍ മൂന്നാം സ്ഥാനത്തുണ്ട്. 31.6 ശതമാനം പേരാണ് ഇവിടെ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

ഉത്തര്‍ പ്രദേശാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 12.1 ശതമാനം മാത്രമാണ് ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 13 ശതമാനമാണ് ബീഹാരറില്‍ വാക്‌സിന്‍ സ്വീകരിച്ച പ്രായപൂര്‍ത്തിയായവരുടെ കണക്ക്. കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഡല്‍ഹിയില്‍ ഇതുവരെ 29.6 ശതമാനം പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.






By onemaly