Tue. Jun 15th, 2021




പെണ്‍കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗം ബലാത്സംഘത്തിന് കാരണമാകും’; വിവാദ പരാമര്‍ശവുമായി യുപി വനിതാ കമ്മീഷന്‍ അംഗം

 

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ബലാത്സംഘങ്ങള്‍ ഉണ്ടാകുന്നതെന്ന വിവാദ പരാമര്‍ശവുമായി യുപി വനിത കമ്മീഷന്‍ അംഗം മീനാകുമാരി. യുപിയിലെ അലിഗഢ് ജില്ലയില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അദാലത്തിലായിരുന്നു വിവാദ പരാമര്‍ശം.




പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നല്‍കിയാല്‍ അവര്‍ ആണ്‍കുട്ടികളുമായി അധിക സമയം ഫോണില്‍ സംസാരിക്കുമെന്നും പിന്നെ കൂടെ ഇറങ്ങിപോകുമെന്നും മീനാകുമാരി അദാലത്തില്‍ പറഞ്ഞു. ഒപ്പം പെണ്‍കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുതെന്നും നല്‍കുകയാണെങ്കില്‍ ഇടയ്ക്കിടെ പരിശോധിക്കണമെന്ന നിര്‍ദേശവും മീനാകുമാരി നല്‍കി.



അമ്മമാര്‍ കൂടുതല്‍ സമയം പെണ്‍കുട്ടികളെ നിരീക്ഷിക്കുന്നതിനായി ചെലവഴിക്കണമെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമണം സമൂഹം ഗൗരവമായി കാണുന്നില്ലെന്നും മീനാകുമാരി കൂട്ടിച്ചേര്‍ത്തു.



എന്നാല്‍ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അഞ്ജു ചൗധരി മീനകുമാരിയുടെ അഭിപ്രായങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തി. ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുളള പരിഹാരം മൊബൈല്‍ ഫോണ്‍ നല്‍കാതിരിക്കുന്നതല്ല എന്ന് അഞ്ജു അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ജനുവരിയില്‍ ദേശീയ വനിതാകമ്മിഷന്‍ അംഗമായ ചന്ദ്രമുഖി ദേവി നടത്തിയ പരാമര്‍ശവും ഇത്തരത്തില്‍ വിവാദമായിരുന്നു. ബദുവാന്‍ കൂട്ടബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി വൈകുന്നേരം വീടിന് പുറത്തിറങ്ങിയില്ലായിരുന്നെങ്കില്‍ കുറ്റകൃത്യം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു ചന്ദ്രമുഖിയുടെ പ്രസ്താവന.



By onemaly