Tue. Jun 15th, 2021




സംസ്ഥാനത്തെ 58 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട് : നഷ്ടത്തിലായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സിഎജി ശുപാര്‍ശ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയ സ്ഥാപനം കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം : സംസ്ഥാനത്തെ 58 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായതോടെ 1796.55 കോടി നഷ്ടം സര്‍ക്കാരിനുണ്ടായി. ഇന്ന് നിയമസഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. നഷ്ടത്തിലായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും സിഎജി ശുപാര്‍ശ ചെയ്യുന്നു.






ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയ സ്ഥാപനം കെഎസ്‌ആര്‍ടിസിയാണ്. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തില്‍ കെഎസ്‌ആര്‍ടിസി കാര്യക്ഷമത കാട്ടിയില്ല. ഇത് മൂലം കോംപ്ലക്സുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടായി. പൂര്‍ത്തിയാക്കിയ ഷോപ്പിംഗ് കോംപ്ലക്സുകള്‍ കൃത്യമായി വാടകയ്ക്ക് നല്‍കിയില്ലെന്നും സിഎജി കണ്ടെത്തി.16 പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തന രഹിതം എന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം 53 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലെന്ന് സിഎജി വ്യക്തമാക്കുന്നു. ഈ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 574.49 കോടി ലാഭവിഹിതം ഉണ്ടാക്കി. കെഎസ്‌എഫ്‌ഇ, കെഎംഎംഎല്‍, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവയാണ് വലിയ നേട്ടം ഉണ്ടാക്കിയ സ്ഥാപനങ്ങള്‍.



സംസ്ഥാനത്ത് ഉത്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ് വിതരണം ചെയ്തതെന്നും ഇതുമൂലം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരി ലഭിച്ചില്ലെന്നും നെല്ല് കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടിയില്ലെന്നും സിഎജി കണ്ടെത്തി.

ഓഡിറ്റ് റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ പ്രതികരിക്കാത്തതിനാല്‍ 922 പരിശോധന റിപ്പോര്‍ട്ടുകള്‍ തീര്‍പ്പാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2019 മാര്‍ച്ച്‌ 31 വരെയുള്ള സിഎജി റിപ്പോര്‍ട്ടാണ് ഇന്ന് നിയമസഭയില്‍ വച്ചത്.



By onemaly