Tue. Jun 15th, 2021




വ്യക്തിയുടെ ലൈംഗികത ചികിത്സിച്ച്‌ മാറ്റാന്‍ ശ്രമിച്ചാല്‍ നടപടി സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി-പൊലീസില്‍ നിന്ന് യാതൊരു വിധ അതിക്രമങ്ങളും എല്‍.ജി.ബി.ടി.ഐ.ക്യൂ.എ. സമൂഹത്തിന് നേരെയുണ്ടാകാന്‍ പാടില്ല

ന്യൂഡല്‍ഹി: വ്യക്തിയുടെ ലൈംഗികതയിലുള്ള വൈവിധ്യം ചികിത്സിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്ന പ്രാകൃത പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടികളുണ്ടാകുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. സ്വവര്‍ഗാനുരാഗികകളായ രണ്ട് യുവതികള്‍ മാതാപിതാക്കളില്‍ നിന്നും പൊലീസില്‍ നിന്നും നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സുപ്രധാന വിധി.




വിവേചനത്തോടെ പെരുമാറുന്നത് അറിവില്ലായ്മ കൊണ്ടാണെന്നുള്ള വാദം ബാലിശമാണെന്ന് നിരീക്ഷിച്ച കോടതി സമൂഹം,​ പൊലീസ്,​ ജുഡിഷ്യറി,​ സര്‍ക്കാര്‍,​ ഭരണഘടനാ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് എല്‍.ജി.ബി.ടി.ഐ.ക്യൂ.എസമൂഹത്തെക്കുറിച്ച്‌ ബോധവത്കണം നല്‍കാനും നിര്‍ദ്ദേശിച്ചു.



”സ്വവര്‍ഗാനുരാഗം, ഗേ,​ ലെസ്ബിയന്‍ ,​ ട്രാന്‍സ്ജെന്‍ഡര്‍ തുടങ്ങിയവര്‍ക്കും ഭ്രഷ്ട് കല്‍പ്പിക്കുന്ന സാധാരണ സമൂഹത്തിന്റെ ഭാഗമായിരുന്നു ഞാന്‍ എന്ന് ഇന്ന് തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു. തിരിച്ചറിവില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ ഹ‌ര്‍ജിക്കാരുമായി സംവദിച്ചതിലൂടെ എന്റെ ചിന്താഗതി മാറി. കേവലം ലൈംഗികത മാത്രമല്ല ഇത്തരം ബന്ധങ്ങളുടെ അടിത്തറയെന്ന് തിരിച്ചറിഞ്ഞു.” – ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.



ഉത്തരവിലെ പ്രധാന നി‌ര്‍ദ്ദേശങ്ങള്‍

 എല്‍.ജി.ബി.ടി.ഐ.ക്യൂ.എ കുട്ടികളെ സ്കൂളുകളില്‍ വേര്‍തിരിച്ച്‌ നിറുത്തരുത്. അദ്ധ്യാപകരും കുടുംബവും അവര്‍ക്ക് പിന്തുണ നല്‍കണം. സ്കൂള്‍ കരിക്കുലത്തില്‍ എല്‍.ജി.ബി.ടി.ഐ.ക്യൂ.എ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം.

ജെന്‍ഡര്‍ – ന്യൂട്രല്‍ റെസ്റ്റ് റൂമുകള്‍ സ്കൂളുകളില്‍ സജ്ജീകരിക്കണം.

സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പേരുകള്‍ തിരുത്താന്‍ അനുവദിക്കണം.

ആണ്‍,​ പെണ്‍കോളം പോലെ ട്രാന്‍സ്ജെന്‍ഡര്‍ കോളം അപേക്ഷകളില്‍ ഉള്‍പ്പെടുത്തണം.

 എല്‍.ജി.ബി.ടി.ഐ.ക്യൂ.എ. കുട്ടികള്‍ക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കണം. പൊലീസില്‍ നിന്ന് യാതൊരു വിധ അതിക്രമങ്ങളും എല്‍.ജി.ബി.ടി.ഐ.ക്യൂ.എ. സമൂഹത്തിന് നേരെയുണ്ടാകാന്‍ പാടില്ല



By onemaly