കൊച്ചി: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്കായി ശനിയാഴ്ച മുതല്‍ കൂടുതല്‍ ട്രെയിനുകള്‍. ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച അഞ്ചു ട്രെയിനുകള്‍ ഓടിക്കാനാണ് ആലോചിക്കുന്നത്. പ്രധാന സ്റ്റേഷനുകളില്‍ നിന്നെല്ലാം ട്രെയിനുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആസാം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും ട്രെയിനുകള്‍ ഓടിക്കും. മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ച തുടരുകയാണ്. അതത് സംസ്ഥാനങ്ങളുടെ കൂടി അനുമതിയോടെ മാത്രമേ ട്രെയിനുകള്‍ പുറപ്പെടാനാകൂ. ഇതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അടക്കമുള്ളവര്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും ബിശ്വാസ് മേത്ത അറിയിച്ചു.
തൊഴിലാളികള്‍ ട്രെയിനില്‍ കയറാന്‍ തിരക്കുകൂട്ടരുത്. ക്രമസമാധാന പ്രശ്നം ഉണ്ടാക്കരുത്. പ്രശ്നം ഉണ്ടാക്കി റെയില്‍വേ സര്‍വീസ് നിര്‍ത്തിയാല്‍ തിരിച്ചടിയാകും. അതിനാല്‍ അധികൃതരുടെ നിര്‍ദേശങ്ങളും കോവിഡ് നിയന്ത്രണങ്ങളും പാലിക്കാന്‍ തയാറാകണമെന്നും ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു.
അതേസമയം, അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്ന് ഒഡീഷയിലെ ഭൂവനേശ്വറിലേക്ക് ഇന്ന് പ്രത്യേക ട്രെയിന്‍ പുറപ്പെടും. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ആലുവയില്‍ നിന്നാണ് നോണ്‍ സ്റ്റോപ്പ് ട്രെയിന്‍. 1,200 തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്.