‘വിദ്യാഭ്യാസം കച്ചവടമല്ല. വിദ്യാദാനം എന്ന മഹത്തായ പാരമ്ബര്യം കാത്തുസൂക്ഷിക്കണം’.
ഈ വിധി ആരുമധികം ശ്രദ്ധിച്ചില്ല, കേരളത്തിലെ പത്ര ദൃശ്യമാദ്ധ്യങ്ങള്‍ അത് വിഴുങ്ങി.
ന്യൂനപക്ഷ മെഡിക്കല്‍ കോളേജുകളില്‍ സ്വന്തo നിലയ്ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന ന്യൂനപക്ഷ സമുദായങ്ങള്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി അനിവാര്യവും ഐതിഹാസികവുമായ ഈ വിധി ഇന്നലെ പുറപ്പെടുവിച്ചത്.
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) വഴി മാത്രമേ ഇനിമുതല്‍ ന്യൂനപക്ഷമുള്പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ കോളേജുകളിലും അഡ്മിഷന് പാടുള്ളൂവെന്നും എന്‍ട്രന്‍സ് വഴി മെറിറ്റില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അഡ്മിഷന് നല്‍കേണ്ടതെന്നും കോടതി അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു.
ന്യൂനപക്ഷ സംഘടനകള്‍ നല്കിയ ഹര്‍ജിയില്‍ തങ്ങള്‍ക്ക് സ്വന്തമായി എന്‍ട്രന്‍സ് ടെസ്റ്റ് നടത്താനും അതിലൂടെ അഡ്മിഷന് നല്‍കാനും അനുവദിക്കണമെന്ന ഹര്‍ജിയാണ് കോടതി തള്ളിക്കളഞ്ഞത്.
ഭരണഘടനാ അനുശാസിക്കുന്ന വകുപ്പ് 30 പ്രകാരം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തനാനുമതിയുണ്ടെന്നും അതേ വകുപ്പിലെ 50 -)o പാരഗ്രാഫ് അനുസരിച്ചു തങ്ങളുടെ ഇഷ്ടമനുസരിച്ച് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അധികാരമുണ്ടെന്നുമുള്ള വാദവും കോടതി അംഗീകരിച്ചില്ല. നീറ്റ് അനുസരിച്ചുള്ള അഡ്മിഷന് മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന വാദവും കോടതി തള്ളിക്കളഞ്ഞു.
സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും വെവ്വേറെ നടത്തിയിരുന്ന എന്‍ട്രന്‍സ് പരീക്ഷകളില്‍ വ്യാപകമായ അഴിമതി ബോധ്യമായതിനാലാണ് രാജ്യമൊട്ടാകെ ഒറ്റ എന്‍ട്രന്‍സ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതാണ് ന്യൂനപക്ഷങ്ങളെ നിയമനടപടിക്ക് പ്രേരിപ്പിച്ചത്.
‘ വിദ്യാഭ്യാസം കച്ചവടമല്ല. വിദ്യാദാനം എന്ന മഹത്തായ പാരമ്ബര്യം കാത്തുസൂക്ഷിക്കണം. എന്നാല്‍ ഇന്നത് വ്യാപാരമായി മാറിയിരിക്കുന്നു. മെറിറ്റില്‍ വരുന്നവര്‍ക്ക് പ്രവേശനം നല്‍കുകയെന്നത് വിദ്യാര്‍ത്ഥികളുടെ പൊതുതാല്‍പ്പര്യം കൂടിയാണ്.
മിടുക്കന്മാക്കും മിടുക്കികള്ക്കുമാണ് അവസരം ലഭിക്കേണ്ടത്. അഴിമതി ഇല്ലാതാക്കാനാണ് നീറ്റ് കൊണ്ടുവന്നത്. അതിലും പോരായ്മകളുണ്ട്. അതും കാലാകാലങ്ങളില്‍ പരിഹരിക്കപ്പെടും.’ കോടതി വ്യക്തമാക്കി.

ഇത് വളരെ സുപ്രധാനമായ വിധിതന്നെയാണ്. വലിയ അഴിമതിയാണ് ഇതുവരെ നടന്നുകൊണ്ടിരുന്നത്. ഇതിന്റെ ഗുണഭോക്താക്കള്‍ ചില വ്യക്തികള്‍ മാത്രമാണ്. സമുദായങ്ങളുടെ പേരിലാണെങ്കിലും അഡ്മിഷന് സമുദായാംഗങ്ങള്‍ക്കുപോലും പലപ്പോഴും ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.
അടുത്തതായി നിയന്ത്രിക്കേണ്ടത് ഡീംഡ് യൂണിവേഴ്സിറ്റികളെയാണ് ( കല്‍പ്പിത സര്‍വ്വകലാശാലകള്‍). ഒരു സമുദായത്തിന്റെയോ, വിഭാഗത്തിന്റെയോ, ഗ്രൂപ്പിന്റേയോ പേരില്‍ നടത്തപ്പെടുന്ന ഇവരുടെ സര്‍വ്വകലാശാലകളിലും ഇതുതന്നെയാണ് നടക്കുന്നത്.
സുപ്രീം കോടതി ഉദ്ബോധിപ്പിച്ച ‘വിദ്യാഭ്യാസം കച്ചവടമല്ല , വിദ്യാദാനം എന്ന പാരമ്ബര്യം കാത്തുസൂക്ഷിക്കണം’ എന്ന മഹത്തായ ആശയം നടപ്പാക്കണമെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ കല്‍പ്പിത സര്‍വ്വകലാശാലകളിലെയും കൂടി അഡ്മിഷനുകള്‍ സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരേണ്ടതുതന്നെയാണ്.