Tue. Jun 15th, 2021




‘മ’യുടെ മാന്ത്രികന്‍ മകാരം മത്തായി അന്തരിച്ചു

കണ്ണൂര്‍: അക്ഷരപ്രാസം കൊണ്ട്​ ലോകറെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ മകാരം മത്തായി (മാത്യു കൊട്ടാരം) അന്തരിച്ചു. 84 വയസായിരുന്നു. മ’കാരത്തില്‍ ആരംഭിക്കുന്ന അനേകം വാക്കുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു നടത്തുന്ന പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണു് മകാരം മാത്യു. ഇടുക്കി ജില്ലയില്‍ നിന്നും കണ്ണൂരിലേക്ക് കുടിയേറിയ വര്‍ക്കി, ബിജിത്ത എന്നിവരുടെ മകനാണ് കെ.വി. മത്തായി എന്ന മകാരം മാത്യു. അര്‍ബുദ രോഗത്തെ തുടര്‍ന്ന്​ ഇരിട്ടി, ചുങ്കക്കുന്നിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

1987 മാര്‍ച്ച്‌ 31 ന് തിരുവനന്തപുരത്തുവെച്ച്‌ പൊതുവേദിയില്‍ ‘മ’യുടെ പ്രകടനം ആദ്യമായി നടത്തി. അമേരിക്ക, ജര്‍മ്മനി, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച്‌ ‘മ’യുടെ പ്രകടനം കാണിച്ചു. ഏത് വിഷയം നല്‍കിയാലും അതിനെക്കുറിച്ച്‌ ‘മ’കാരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ ഉപയോഗിച്ച്‌ സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയും. 500ല്‍ അധികം ഉദാഹരണങ്ങള്‍ നിരത്തിയിട്ട് തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ പ്രസംഗിച്ചതിനാല്‍ ലിംകാ ബുക്ക് ഓഫ് റെക്കാഡ്സില്‍ കടന്നു. അതുപോലെ തുടര്‍ച്ചയായ ‘മ’ ഉപയോഗിച്ച്‌ സംസാരിച്ചതിന്റെ ഫലമായി ചാന്‍സലര്‍ വേള്‍ഡ് ഗിന്നസ് ബുക്കില്‍ പേര് ചേര്‍ക്കപ്പെട്ടു.

‘മ’യില്‍ ആരംഭിക്കുന്ന 2000 വാക്കുകള്‍ ഉള്ള ‘മാമലക്ക് മാനഭംഗം’ എന്ന ഖണ്ഡകാവ്യം ഉള്‍പ്പെടെ 13 കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മഹാത്മാ ഗാന്ധി, മദര്‍ തെരേസ, മുഹമ്മദ് നബി, വൈക്കം മുഹമ്മദ് ബഷീര്‍, മാതാ അമൃതാനന്ദമയി എന്നിവരുടെ ജീവചരിത്രങ്ങള്‍ മകാരം മാത്യു, ‘മകാരത്തില്‍’ എഴുതിയിട്ടുണ്ട്. ഭാര്യ : ഏലിയാമ്മ, മക്കള്‍: മേഴ്സി, മനോജ്






By onemaly