അമേരിക്കയിലേക്കാള്‍ ഞാന്‍ ഇവിടെ സുരക്ഷിതന്‍; വിസാ കാലാവധി നീട്ടാന്‍ കേരള ഹൈക്കോടതിയെ സമീപിച്ച്‌ അമേരിക്കന്‍ പൗരന്‍ ടെറി – Sreekandapuram Online News-
Sun. Sep 27th, 2020




കൊച്ചി: ലോക്ക് ഡൗണ്‍ കാരണം വിമാനസര്‍വീസുകളെല്ലാം നിര്‍ത്തിയതോടെ നാട്ടിലെത്താന്‍ സാധിക്കാതെ വിഷമിക്കകുയാണ് സകലരും. എന്നാല്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമില്ലെന്നും അവിടുത്തേക്കാള്‍ താന്‍ സുരക്ഷിതനാണ് ഈ അന്യദേശത്തെന്നും പറഞ്ഞ് അമ്ബരപ്പിക്കുകയാണ് അമേരിക്കന്‍പൗരനായ ടെറി ജോണ്‍ കോണ്‍വേര്‍സ്. ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ടെന്നും ഇന്ത്യയാണ് അമേരിക്കയേക്കാള്‍ കൊവിഡ് കാലത്ത് സുരക്ഷിതമെന്നും പറഞ്ഞിരിക്കുകയാണ് ഇദ്ദേഹം. കേരളത്തില്‍ താന്‍ സുരക്ഷിതനാണെന്നു ചൂണ്ടിക്കാട്ടി 74 കാരനായ ഈ അമേരിക്കന്‍ പൗരന്‍ വിസ നീട്ടി ലഭിക്കാനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ് വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. കോടതിയില്‍ നിന്ന് ടെറിയ്ക്ക് അനുകൂലവിധിയും ലഭിച്ചു.

‘അമേരിക്കയിലേതിനെക്കാള്‍ ഇന്ത്യയില്‍ ഞാന്‍ സുരക്ഷിതനാണ്. ആറുമാസത്തേക്ക് കൂടി വിസകാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. അമേരിക്കയില്‍ നിലവിലെ സ്ഥിതി ആശാവഹമല്ല. വിസ നീട്ടി നല്‍കിയാന്‍ ഇന്ത്യയില്‍ തുടരാമല്ലോ. അമേരിക്കയെ അപേക്ഷിച്ച്‌ വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്’-ടെറി പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഷിങ്ടണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തീയ്യേറ്റര്‍ വിഭാഗം പ്രൊഫസറാണ് ടെറി ജോണ്‍ കോണ്‍വേര്‍സ്. നിലവില്‍ കൊച്ചി പനമ്ബിള്ളി നഗറിലാണ് താമസം. നേരത്തെ അദ്ദേഹം തന്റെ വിസ മെയ് 20വരെ നീട്ടിയിരുന്നു. ആ സമയമാകുമ്ബോള്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്.

എന്നാല്‍ വൈറസ് ബാധയ്ക്ക് ശമനം ഇല്ലെന്ന് കണ്ടതോടെ വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക കെപി ശാന്തി മുഖാന്തരം കോടതിയെ സമീപിക്കുകയായിരുന്നു. കൊച്ചിയില്‍ ഫീനിക്‌സ് വേള്‍ഡ് തിയറ്റര്‍ ഗ്രൂപ്പ് നടത്തുന്ന ചാരു നാരായണകുമാറിന്റെ കുടുംബത്തിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുന്നത്.




By onemaly