ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കില്ല. ദേശീയ അടച്ചിടല്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോവിഡ് മുക്ത ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ലോക്ക്ഡൗണ്‍ നീട്ടിയതും ഉന്നതതലയോഗം വിലയിരുത്തി.
കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഫലപ്രദമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് സ്ഥിതി മെച്ചപ്പെട്ടു. കൈവരിച്ച നേട്ടം നഷ്ടമാകാതിരിക്കാന്‍ മേയ് മൂന്നുവരെ കര്‍ശന നിയന്ത്രണം തുടരണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
റെഡ്സോണ്‍ ജില്ലകളുടെ എണ്ണം 177ല്‍നിന്ന് 129 ആയി കുറഞ്ഞതും ഓറഞ്ച് സോണിലുള്ള ജില്ലകളുടെ എണ്ണം 207ല്‍ നിന്ന് 250 ആയി വര്‍ധിച്ചതും ആശ്വാസകരമാണ്. എന്നാല്‍ 28 ദിവസം പുതിയ കേസുകള്‍ ഇല്ലാത്തതിനാല്‍ ഗ്രീന്‍സോണിലേക്ക് മാറിയ ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും ഓരോ ജില്ലകളിലും തുടര്‍ച്ചയായി 14 ദിവസം പുതിയ കേസുകള്‍ ഇല്ലാത്തതിനാല്‍ ഓറഞ്ച് സോണിലേക്ക് മാറിയ 38 ജില്ലകളിലും വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തത് ആശങ്കയുണ്ടാക്കുന്നതാണ്.
കോവിഡ് മുക്തമായ ഗ്രീന്‍ സോണുകളിലെ ഇളവുകള്‍ സംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ച നടക്കുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇന്നലെ വൈകീട്ടും കൂടിയാലോചനകള്‍ നടന്നത്. ഏതൊക്കെ മേഖലകളില്‍ ഇളവുകള്‍ അനുവദിക്കാം, എത്രത്തോളം അനുവദിക്കാം തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. അതേസമയം ട്രെയിന്‍, വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല.