August 7, 2022




തിരുവനന്തപുരം
കോവിഡിന് എതിരായ ഔഷധപരീക്ഷണത്തിന് കേരളത്തിന് അനുമതി. ആരോഗ്യവകുപ്പ് വഴി ജവാഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഎന്‍ടിബിജിആര്‍ഐ) സമര്‍പ്പിച്ച പ്രൊപ്പോസലിനാണ് ഐസിഎംആര്‍ അനുമതിനല്‍കിയത്. ചിക്കുന്‍ ഗുനിയക്കും ഡെങ്കുവിനും എതിരെ കണ്ടെത്തിയ ‘ആന്റിവൈറല്‍ ഘടകം’ കോവിഡിനെതിരെ പ്രയോഗിച്ച്‌ ഔഷധം കണ്ടെത്താനുള്ള പരീക്ഷണത്തിനാണ് അനുവാദം ലഭിച്ചത്.

പശ്ചിമഘട്ടത്തിലുള്ള മൂന്ന് ചെടികളില്‍ നടത്തിയ പരീക്ഷണമാണ് ചിക്കുന്‍ഗുനിയക്കും ഡെങ്കുവിനും എതിരെയുള്ള ആന്റിവൈറല്‍ കണ്ടുപിടിക്കുന്നതിലേക്ക് ജെഎന്‍ടിബിജിആര്‍ഐയെ നയിച്ചത്. ആദിവാസികള്‍ നല്‍കിയ ഔഷധച്ചെടികളുടെ വിവരത്തിന്റെ ചുവട് പിടിച്ചായിരുന്നു പരീക്ഷണം. മൂന്ന് ചെടികളില്‍ ഒന്നില്‍നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിവൈറല്‍ ഘടകം ചിക്കുന്‍ ഗുനിയക്കും ഡെങ്കുവിനും എതിരെ കൂടുതല്‍ ഫലപ്രദമെന്ന് തെളിഞ്ഞു. ഈ കണ്ടുപിടിത്തത്തിന് പേറ്റന്റ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഈ ആന്റിവൈറല്‍ കോവിഡിനെതിരെയും പ്രവര്‍ത്തിക്കുമെന്ന നിഗമനത്തിലാണ് ഔഷധപരീക്ഷണത്തിന് അനുമതി തേടിയത്. ആരോഗ്യ സെക്രട്ടറി പ്രൊപ്പോസല്‍ ഐസിഎംആറിന് കൈമാറി. ഇതില്‍ ഐസിഎംആര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ധാരണപത്രം ഒപ്പിട്ടശേഷം പരീക്ഷണം തുടങ്ങും. ഇതടക്കം ലോകാരോഗ്യ സംഘടനയുടെയും ക്യൂബയുടെയും ഉള്‍പ്പെടെ നാല് ഔഷധപരീക്ഷണങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയത്.