Local

പി.ജയരാജന്റെ കാലും കൈയ്യും ഇല്ലാതാക്കി മൂലക്കിരുത്തുമെന്ന് മുസ്ലീം ലീഗിന്റെ കൊലവിളി



പി.ജയരാജന്റെ കാലും കൈയ്യും ഇല്ലാതാക്കി മൂലക്കിരുത്തുമെന്ന് മുസ്ലീം ലീഗിന്റെ കൊലവിളി

കണ്ണൂർ :സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ മലപ്പുറം എടവണ്ണപ്പാറയിൽ മുസ്ലീം ലീഗിന്റെ കൊലവിളി പ്രകടനവും പ്രസംഗവും.മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിൽ യൂത്ത് ലീഗ് നേതാവ് സാദിഖ് കക്കാട്ട് ആണ് ജയരാജന്റെ രണ്ട് കാലും കൈയ്യും ഇല്ലാതാക്കി മൂലക്കിരുത്തുമെന്ന് പ്രസംഗിച്ചതെന്ന് സി.പി.എം.കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.

റമദാൻ കഴിഞ്ഞാൽ പകരം വീട്ടൽ തുടരുമെന്നും കൊലവിളി മുദ്രാവാക്യം ഉയർത്തുകയുണ്ടായി.പുല്ലൂക്കരയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവത്തെത്തുടർന്ന് മുസ്ലീം ലീഗ് പാനൂർ മേഖലയിൽ നടത്തിയ കലാപശ്രമങ്ങൾ ഭീതിതമാണ്. മാട്ടൂൽ പ്രദേശങ്ങളിലും സമാനമായ അക്രമ സംഭവങ്ങളാണ് നടത്തിയത്. പാനൂർ മേഖലയിലെ ആക്രമണങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി, എടച്ചേരി പ്രദേശങ്ങളിലുള്ള ലീഗ് ക്രിമിനലുകളാണ് നേതൃത്വം നൽകിയത്. പെരിങ്ങത്തൂരിലും, പുല്ലൂക്കരയിലും, കടവത്തൂരിലും നടത്തിയ ആക്രമണങ്ങൾ വലിയ കലാപത്തിന് ആസൂത്രണം ചെയ്തുള്ളതാണെന്ന് വ്യക്തമാണ്.

ബുധനാഴ്ച അരിയിൽ നിന്ന് മുള്ളൂൽ ഭാഗത്തേക്ക് നടത്തിയ ലീഗ് പ്രകടനത്തിലാണ് സി.പി.ഐ(എം) അരിയിൽ ലോക്കൽ കമ്മിറ്റിയംഗം യു വി വേണുവിനെതിരായി പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്. റംസാനൊന്നു കഴിഞ്ഞൊട്ടെ, മെയ് 2 കഴിഞ്ഞോട്ടെ നിന്നെകൊല്ലും കട്ടായം എന്ന കൊലവിളി മുദ്രാവാക്യം വിളിച്ചത്. പട്ടുവം പഞ്ചായത്ത് അംഗം കല്ലിങ്കിൽ നാസറിന്റെ നേതൃത്വത്തിലുള്ള 50 ഓളം പേരാണ് ഇങ്ങനെ കലാപം സൃഷ്ടിക്കാനുള്ള പ്രകോപന പ്രകടനം നടത്തിയതെന്ന് എം.വി.ജയരാജൻ പറഞ്ഞു.



കലാപം സൃഷ്ടിക്കാനുള്ള മുസ്ലീംലീഗിന്റെയും, യുഡിഎഫിന്റെയും ആസൂത്രിത ശ്രമങ്ങളെ കരുതിയിരിക്കണം.സമാധാനശ്രമങ്ങളിൽ സഹകരിക്കാതെ നേതാക്കൾക്കെതിരെ കൊലവിളി പ്രകടനങ്ങളും, പ്രസംഗങ്ങളും നടത്തി കലാപത്തിന് ആഹ്വാനം ചെയ്യുന്ന ലീഗും, യു.ഡി.എഫും ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ പോലീസ് സ്വീകരിക്കണമെന്നും എം.വി ജയരാജൻ ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരായും, യു വി വേണുവിനെതിരായി നടത്തിയ കൊലവിളി പ്രകടനത്തിനെതിരായും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.കോഴിക്കോട് ജില്ലയിലുള്ള ലീഗ് ക്രിമിനലുകളെ ഇറക്കി കണ്ണൂർ ജില്ലയിൽ കലാപം സൃഷ്ടിക്കാനുള്ള ലീഗിന്റെയും, യു.ഡി.എഫിന്റെയും ആസൂത്രിത ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

ആക്രമണം നടത്തിയ നിരവധി ലീഗ് പ്രവർത്തകരെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടി റിമാന്റ് ചെയ്തിരിക്കുകയാണ്. ആയുധങ്ങളോടെയാണ് ലീഗ് ക്രിമിനലുകളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കലാപകാരികൾ സഞ്ചരിച്ച വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിൽ ചില വാഹനങ്ങൾ ക്രിമിനലുകൾ സ്ഥിരമായി ഉപയോഗിച്ചതാണ്.