Local

സി.എ.യാകണം; മോഷണം കലയും പ്രൊഫഷനുമാക്കിയ തുരപ്പന്റെ ശിഷ്യത്വം ഉപേക്ഷിച്ച് ജസ്റ്റിൻകണ്ണൂർ: ചാർട്ടേഡ് അക്കൗണ്ടന്റാവാൻ തുരപ്പന്റെ ശിഷ്യത്വം സ്വീകരിച്ച ജസ്റ്റിന് ലക്ഷ്യത്തിലെത്താൻ പുതിയ വഴിതുറന്ന് ജയിലധികൃതർ. മോഷണം കലയും പ്രൊഫഷനുമാക്കിയ തുരപ്പൻ സന്തോഷിന്റെ സഹായിയായി കവർച്ചനടത്തി ജയിലിലായ ജസ്റ്റിൻ വ്യാഴാഴ്ച ജാമ്യത്തിലിറങ്ങിയാൽ വീണ്ടും സി.എ. കോഴ്‌സിന് ചേരുന്നതിനുള്ള പരിശീലനം തുടങ്ങും.

കാസർകോട് ജില്ലയിലെ മലയോരത്ത് പാവപ്പെട്ട കുടുംബത്തിലെ അംഗമായ ജസ്റ്റിന്റെ ജീവിതലക്ഷ്യം ചാർട്ടേഡ് അക്കൗണ്ടന്റാവുകയാണ്. എസ്.എസ്.എൽ.സി.ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് 98 ശതമാനം മാർക്കോടെ നേടിയ, പ്ലസ്ടുവിന് 96 ശതമാനം മാർക്ക് നേടിയ 21-കാരനായ ജസ്റ്റിൻ മൂന്നുമാസമായി കണ്ണൂർ സ്പെഷ്യൽ സബ്ജയിലിലാണ്. ചെറുപുഴയിൽനിന്ന് ഒരു കട കുത്തിത്തുറന്ന് 14 ചാക്ക് കുരുമുളക് കവർന്ന കേസിലാണ് ശിക്ഷ അനുഭവിക്കുന്നത്. പയ്യന്നൂരിൽ ടൈൽസ് മോഷണത്തിനും സിഗരറ്റ് കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും പ്രതിയാണ്. എല്ലാ കേസിലും ജാമ്യം ലഭിച്ചു.

പഠനത്തിൽ മിടുക്കനായ ജസ്റ്റിൻ എങ്ങനെ മോഷ്ടാവായെന്ന ജയിലധികൃതരുടെ അന്വേഷണത്തിലാണ് ജയിലാണ് മോഷണത്തിന്റെ പാഠശാലയായതെന്ന് മനസ്സിലായത്. ആശാവർക്കറായ അമ്മ കെട്ടുതാലി പണയംവെച്ചാണ് ജസ്റ്റിനെ സി.എ. പഠനത്തിന് കോഴിക്കോട്ടെ സ്ഥാപനത്തിൽ ചേർത്തത്. അതിനിടെ സഹപാഠിയായ ഒരു പെൺകുട്ടിയുമായി ജസ്റ്റിൻ പ്രണയത്തിലായി. പെൺസുഹൃത്തിനെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസുണ്ടായപ്പോൾ പോക്‌സോ പ്രകാരം കണ്ണൂർ ജയിലിലെത്തി. സഹതടവുകാരൻ കണ്ണൂർ ആലക്കോട് സ്വദേശി തുരപ്പൻ സന്തോഷായിരുന്നു. കുറെ വർഷങ്ങളായി ഇടയ്ക്കിടെ ജയിൽവാസം പതിവാണ് തുരപ്പന്. എല്ലാം മോഷണക്കേസിൽ. മലഞ്ചരക്ക് മോഷണമാണ് തുരപ്പന്റെ പ്രധാന ‘ഏരിയ’. സ്വന്തമായി ഒരു ഗുഡ്സ് ഓട്ടോയുണ്ട്. മോഷണവസ്തുക്കൾ ഇതിലാണ് കടത്തുന്നത്. ഈയിടെ നഴ്‌സറിയിൽനിന്ന് മോഷ്ടിച്ച പൂച്ചെടികൾ വിൽക്കാൻ കഴിയാത്തതിനെ തുടർന്ന് കണ്ണൂർ സ്പെഷ്യൽ ജയിൽ വളപ്പിലെത്തിച്ചയാളാണ് തുരപ്പൻ!സി.എ. പഠിക്കുക മാത്രമാണ് തന്റെ ജീവിതലക്ഷ്യമെന്ന് ജസ്റ്റിൻ പറഞ്ഞപ്പോൾ അതിനുള്ള ചെലവുമുഴുവൻ താൻ വഹിക്കാം, തന്റെ ശിഷ്യത്വം സ്വീകരിച്ച് കവർച്ചയിൽ സഹായിച്ചാൽ മതിയെന്ന് തുരപ്പന്റെ ഉപദേശം.

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ജസ്റ്റിൻ പിന്നീട് തുരപ്പന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു. സി.എ. പഠിക്കാൻ 40,000 രൂപ തുരപ്പൻ നൽകിയെങ്കിലും അതിൽ കുറെഭാഗം തിരികെ വാങ്ങിയത്രെ. ജസ്റ്റിൻ മോഷ്ടാവായ സാഹചര്യം മനസ്സിലാക്കിയ ജയിൽ സൂപ്രണ്ട് ടി.കെ. ജനാർദനൻ രക്ഷിതാക്കളെ ജയിലിൽ വിളിച്ചുവരുത്തി വിവരങ്ങളാരാഞ്ഞു. ജയിലിൽ ജസ്റ്റിനെ ഒരുമാസത്തോളമായി കൗൺസലിങ്ങിന് വിധേയനാക്കി. ഇനിയൊരിക്കലും മോഷ്ടിക്കില്ലെന്നും സി.എ. പഠിച്ചേ തീരൂ എന്നുമാണ് ജസ്റ്റിൻ ജയിലധികൃതർക്കും മറ്റുള്ളവർക്കും നൽകിയ ഉറപ്പ്.

തുടർന്ന് പഠിക്കാൻ സഹായം നൽകാമെന്ന് കണ്ണൂരിലെ ഒരു ചാരിറ്റി സംഘടനയടക്കമുള്ളവർ അറിയിച്ചതായി ജയിൽ സൂപ്രണ്ട് പറഞ്ഞു. ജോലിയായാൽ പഠനത്തിന് ചെലവഴിച്ച തുക തിരിച്ചുനൽകാമെന്നതാണ് വ്യവസ്ഥ.