kerala

കേരളം വിധിയെഴുതി; നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.58 ശതമാനം പോളിങ്; വോട്ടിങ് ശതമാനം ഏറ്റവും കൂടുതല്‍ വടക്കന്‍ ജില്ലകളില്‍; കോഴിക്കോട് ജില്ല മുന്നില്‍; പിന്നില്‍ പത്തനംതിട്ട;



കേരളം വിധിയെഴുതി; നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.58 ശതമാനം പോളിങ്; വോട്ടിങ് ശതമാനം ഏറ്റവും കൂടുതല്‍ വടക്കന്‍ ജില്ലകളില്‍; കോഴിക്കോട് ജില്ല മുന്നില്‍; പിന്നില്‍ പത്തനംതിട്ട;

 

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി. ഇതുവരെ 73.58 ശതമാനം പോളിങ് നടന്നുവെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. വടക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്.
77.9 ശതമാനവുമായി കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് 68.09 ശതമാനം.

എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പോളിംഗിനെ അപേക്ഷിച്ച്‌ കുറവാണ്. 2016 ല്‍ 77.35 ശതമാനം പോളിംഗാണ് ഉണ്ടായത്. മെയ് മാസം രണ്ടിന് ആണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍. വോട്ടെടുപ്പിന്റെ സമയം പൂര്‍ത്തിയായിട്ടും പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. ശക്തമായ ത്രികോണ പോരാട്ടം നടന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്ത് 76.61 ശതമാനം പോളിങ് നടന്നതായാണ് വിവരം. മഞ്ചേശ്വരത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പാണിത്. 2016ല്‍ 76.31 ശതമാനമായിരുന്നു പോളിങ്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും മികച്ച പോളിങ് നടന്നു.

വയനാട്, കാസര്‍കോട് അടക്കമുള്ള ജില്ലകളില്‍ ഇരുമുന്നണികളും പ്രതീക്ഷിച്ച പോലെ നിലവില്‍ പോളിങ് നടന്നിട്ടില്ല. എന്നാല്‍ ഏഴ് മണി കഴിഞ്ഞും ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ വോട്ടിങ് തീരുമ്ബോള്‍ രാത്രിയോടെ പോളിങ് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.

വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് രണ്ടുതവണ സിപിഎം.-ബിജെപി. സംഘര്‍ഷമുണ്ടായി. ഏറ്റുമുട്ടലില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. രാവിലത്തെ സംഘര്‍ഷത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാറിലെത്തിയ സംഘം സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ അടിച്ചുതകര്‍ത്തു. വീണ്ടും സംഘര്‍ഷം ഉണ്ടായതോടെ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

ആറന്മുള ചുട്ടിപ്പാറയില്‍ സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തളിപ്പറമ്ബ് ആന്തൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.പി. അബ്ദുള്‍ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. വോട്ടു ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ നാലുപേര്‍ കുഴഞ്ഞുവീണു മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച്‌ ഒരു സംഘം ആളുകളെ ബിജെപി. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കമ്ബംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.

ഹരിപ്പാട് പതിയാങ്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വീട് ഒരു സംഘം ആക്രമിച്ചു. കണ്ടു നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ അയല്‍വാസി ശാര്‍ങ്ഗധരന്‍ ആണ് മരിച്ചത്.

തന്നെ ബൂത്തില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചു. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഡി.വൈ.എഫ്‌ഐ. പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നാണ് ധര്‍മജന്റെ ആരോപണം. ആറാട്ടുപുഴയില്‍ വീണാ ജോര്‍ജിനെതിരെ കൈയേറ്റ ശ്രമവും അസഭ്യവര്‍ഷവും ഉണ്ടായി. കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് സിപിഎം ആരോപണം

സംസ്ഥാനത്ത് പലയിടത്തു നിന്നും വോട്ടിങ് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് നടന്നതായി ആരോപണങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെന്ന് കാട്ടി വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ആള് മാറി വോട്ട് ചെയ്‌തെന്ന പരാതിയും ചിലയിടങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്.

ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിമാരില്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.

വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്ബറ്റ പഞ്ചായത്തിലെ കമ്ബളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്ബര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കു പകരം മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയര്‍ന്നത്. തുടര്‍ന്ന് ബൂത്തില്‍ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീന്‍ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

തളിപ്പറമ്ബില്‍ കള്ളവോട്ടിനും ശ്രമമുണ്ടായി. ബൂത്ത് നമ്ബര്‍ 110ല്‍ കള്ളവോട്ടിനെത്തിയ ആളെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. സിപിഎം പ്രവര്‍ത്തകനെന്ന് യുഡിഎഫ് ആരോപിച്ചു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളി. ഒന്നാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് ചലഞ്ച് ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. അമ്ബലപ്പുഴയില്‍ ഇരട്ടവോട്ടുള്ളയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയ ആളെ തടഞ്ഞു. ബൂത്ത് നമ്ബര്‍ 67ല്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് കള്ളവോട്ടിന് ശ്രമിച്ചത്.

കല്‍പറ്റ മണ്ഡലം കണിയാമ്ബറ്റ പഞ്ചായത്തിലെ 54ാം നമ്ബര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്‌സില്‍ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി. ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കലക്ടറേറ്റില്‍നിന്നു തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 3 പേര്‍ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതില്‍ 2 പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍ കാണിച്ചത്. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്‌കൂളില്‍ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിങ് മെഷീനില്‍ യന്ത്രത്തകരാറുണ്ടായെങ്കിലും പിന്നീട് തകരാര്‍ പരിഹരിച്ച്‌ പോളിങ് പുനരാരംഭിച്ചു.

നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പക4ത്തുന്നതിനെതിരെ ബിജെപി രംഗത്തെത്തി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ്. സജിയുടെ ഭാര്യയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്. എറണാകുളം പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്താനെത്തിയത്.

കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായത് പോളിംഗിനെ ബാധിച്ചു. പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

പോളിങ് ബൂത്തില്‍ മന്ത്രിമാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച്‌ കമ്ബളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. 51-ാം നമ്ബര്‍ ബൂത്തിലാണ് രാവിലെ 9.45-ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തില്‍ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീക്കംചെയ്തു.