kerala

ഇനി നിശബ്ദം; പരസ്യപ്രചാരണം അവസാനിച്ചു; വിവിധയിടങ്ങളില്‍ നിയന്ത്രണം ലംഘിച്ച്‌ കൊട്ടിക്കലാശം; വിവിധ കേന്ദ്രങ്ങളില്‍ കയ്യാങ്കളിയും സംഘര്‍ഷവും



ഇനി നിശബ്ദം; പരസ്യപ്രചാരണം അവസാനിച്ചു; വിവിധയിടങ്ങളില്‍ നിയന്ത്രണം ലംഘിച്ച്‌ കൊട്ടിക്കലാശം; വിവിധ കേന്ദ്രങ്ങളില്‍ കയ്യാങ്കളിയും സംഘര്‍ഷവും

തിരുവനന്തപുരം: പേരില്‍ കൊട്ടിക്കലാശമില്ലെങ്കിലും തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ അവസാന നിമിഷങ്ങളില്‍ റോഡ്‌ഷോ അക്ഷരാര്‍ത്ഥത്തില്‍ കൊട്ടിക്കലാശ പ്രതീതിയുണര്‍ത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണം ലംഘിച്ച്‌ കൊട്ടിക്കലാശവും നടന്നു.തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിലെ ആര്യനാട്, വെള്ളനാട് മേഖലകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ കൊട്ടിക്കലാശം സംഘടിപ്പിച്ചത്. കൊട്ടിക്കലാശം പാടില്ലെന്ന നിര്‍ദ്ദേശം ലംഘിച്ച്‌ ഇടത്-വലത് പ്രവര്‍ത്തകര്‍ ബൈക്ക് റാലിയും നടത്തി.

സമാപനത്തിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷവുമുണ്ടായി. കൊല്ലം അഞ്ചല്‍ കരിക്കോട്ട് എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ചടയമംഗലം മണ്ഡലത്തിലാണ് കരിക്കോട് പ്രദേശം ഉള്‍പ്പെടുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാനവേളയില്‍ യു.ഡി.എഫ്.- എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ രണ്ടിടത്തായി നില്‍ക്കുകയായിരുന്നു. അതിനിടെ ഇരുസംഘവും ഒരുമിച്ച്‌ വരികയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.



ഇടുക്കി ചെറുതോണിയിലും എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് പൊലീസും ദ്രുതകര്‍മസേനയും ചേര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. എന്നാല്‍ പരസ്യപ്രചാരണം അവസാനിച്ച്‌ ഏഴുമണിക്ക് ശേഷം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ടൗണിലേക്ക് എത്തി. ഇതിനു പിന്നാലെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.