kerala

വിദേശകമ്ബനിക്ക് വോട്ടര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈമാറി,​ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയില്ല,​ രമേശ് ചെന്നിത്തലയ്ക്കെതിരെ ബി.ജെ.പി പരാതി നല്‍കി



വിദേശകമ്ബനിക്ക് വോട്ടര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈമാറി,​ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വാങ്ങിയില്ല,​ രമേശ് ചെന്നിത്തലയ്ക്കെതിരെ ബി.ജെ.പി പരാതി നല്‍കി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ്കമ്മീഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടര്‍ പട്ടികയിലെ പൗരന്‍മാരുടെ പേരുവിവരങ്ങള്‍ വിദേശകമ്ബനിയുമായി ചേര്‍ന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെതിരെ ബി.ജെ.പി പരാതി നല്‍കി. പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടത് ദേശസുരക്ഷയെ ബാധിക്കുമെന്നും ഗൗരവകരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

വോട്ടര്‍ പട്ടിക വോട്ടര്‍മാരെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളടങ്ങിയതാണ്. ആ വിവരങ്ങളുടെ സൂക്ഷിപ്പുകാരന്‍ തിരഞ്ഞെടുപ്പ്കമ്മീഷനാണ്. തിരഞ്ഞെടുപ്പ്പ്രക്രിയയ്ക്കിടെ ഇരട്ട വോട്ടു സംബന്ധിച്ച നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇരട്ട വോട്ടുകള്‍ കണ്ടെത്തുന്നതിന് കെ..പി..സി..സി വെബ്‌സൈറ്റ് നിര്‍മിച്ചു. തിരഞ്ഞെടുപ്പ്കമ്മീഷന്‍ 38,000 ഇരവോട്ടുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ 4,34,000 ആണ് ആകെ ഇരവോട്ടുകളുടെ എണ്ണമെന്ന് വെബ് സൈറ്റില്‍ അവകാശപ്പെടുന്നു. ഒന്നിലധികം വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായ ഡാറ്റാ ഡെവലപ്പര്‍ കമ്ബനിയാണ് ഈ വൈബ്‌സൈറ്റ്തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശേഖരണത്തില്‍ നിന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഈ വിവരങ്ങള്‍ കമ്ബനിക്ക് കൈമാറിയത്. ഇത് ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തലാണെന്നും ജോര്‍ജ്കുര്യന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.



പ്രതിപക്ഷനേതാവും കെ..പി.സി.സിയും വോട്ടര്‍ പട്ടികയുടെ ഉടമസ്ഥരായ തിരഞ്ഞെടുപ്പ് കമ്മുഷന്റെ അനുമതി ഇല്ലാതെയാണ് ഇത് ചെയ്തത്. വിവര കൈമാറ്റ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുമില്ല. ഓരോ വോട്ടര്‍ക്കും അവരുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനുള്ള അവകാശമുണ്ട്. ഒരു വിദേശ കമ്ബനിക്ക് വോട്ടര്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈമാറിയതിലൂടെ രമേശ് ചെന്നിത്തലയും കെ.പി.സിസിയും പൗരാവകാശം ലംഘിച്ചിരിക്കുകയാണെന്ന് 2017ല്‍ സുപ്രീംകോടതി പരിഗണിച്ച പുട്ടസ്വാമി കേസിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാണ്. ഇത് വിവരശേഖരണ നയത്തിന് വിരുദ്ധവുമാണെന്നും പരാതിയില്‍ പറയുന്നു.

അനധികൃതമായാണ് രമേശ് ചെന്നിത്തലയും കെ..പി.സി.സിയും വിവരങ്ങള്‍ വിദേശ കമ്ബനിക്ക് കൈമാറിയത്. ഇപ്പോള്‍ പോളിംഗ് ബൂത്ത്, നിയോജക മണ്ഡലം അടക്കം ഓരോ വോട്ടറുടെയും സ്വകാര്യവിവരങ്ങള്‍ ഈ സിംഗപ്പൂര്‍ കമ്ബനിയുടെ പക്കല്‍ എത്തിയിട്ടുണ്ട്. ഇത് നമ്മുടെ ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് വ്യക്തമാണ്. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ കൈമാറിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തിരഞ്ഞെടുപ്പ്കമ്മീഷനും ഒഴിഞ്ഞു മാറാനാകില്ല. അതിനാല്‍ ഈ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം മരവിപ്പിച്ച്‌ രമേശ് ചെന്നിത്തലയ്ക്കും കെ.പി.സി.സിക്കും എതിരെ പോലീസ് നടപടി അടിയന്തരമായി സ്വീകരിക്കണം. പൗരന്റെ മൗലികാവകാശവും വോട്ടറുടെ സ്വകാര്യതയും ലംഘിച്ചതിനെതിരെയും നടപടി വേണമെന്നും ജോര്‍ജ് കുര്യന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.