Local

അമ്മയാകണോ എന്നത് സ്ത്രീകളുടെ അവകാശം, അംഗീകരിക്കാത്തവരോട് വിട്ടുവീഴ്‌ച വേണ്ട: വനിത ശിശു ക്ഷേമ വകുപ്പ്



അമ്മയാകണോ എന്നത് സ്ത്രീകളുടെ അവകാശം, അംഗീകരിക്കാത്തവരോട് വിട്ടുവീഴ്‌ച വേണ്ട: വനിത ശിശു ക്ഷേമ വകുപ്പ്

തിരുവനന്തപുരം: സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച്‌ വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ‘ഇനി വേണ്ട വിട്ടുവീഴ്‌ച’ എന്ന ക്യാംപെയിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യത. ഏറ്റവും അവസാനമായി പുറത്തിറക്കിയ പ്രചാരണം സ്ത്രീകളും പുരുഷന്‍മാരും അടക്കം വലിയൊരു വിഭാഗം ഏറ്റെടുത്തു. ‘അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും അത് അംഗീകരിക്കാത്തവരോട് ഇനി വേണ്ട വിട്ടുവീഴ്‌ച,’ എന്നുമാണ് വനിത, ശിശു വികസന വകുപ്പ് ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.

“ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോയെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്,” വനിത, ശിശു വികസന വകുപ്പ് വ്യക്തമാക്കി.

‘സ്ത്രീ ആയതുകൊണ്ട് മാത്രം ആരോടും, ഒന്നിനോടും വിട്ടുവീഴ്‌ച വേണ്ട’ എന്നാണ് വനിത, ശിശു വികസന വകുപ്പ് ഇത്തരം പ്രചാരണങ്ങളിലൂടെ ലക്ഷ്യംവയ്‌ക്കുന്ന ആശയം. ‘നീ ഒരു പെണ്ണല്ലേ, അതങ്ങ് വിട്ടുകള.,’ ‘സ്‌നേഹംകൊണ്ടല്ലേ അവന്‍ തല്ലിയത്, വിട്ടുകള.,’ തുടങ്ങിയതിനോടൊന്നും യാതൊരു വിട്ടുവീഴ്‌ചയും വേണ്ടെന്നാണ് ഇത്തരം ക്യാംപയിനുകളിലൂടെ ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ക്കിടയില്‍ ഇതിന് വലിയ പ്രചാരം ലഭിക്കുന്നുണ്ട്.