home

കിടപ്പ് രോഗിയായ വൃദ്ധമാതാവിനെ കൊന്ന മകളെ പോലീസ് അറസ്റ്റ് ചെയ്തു



മാലൂർ(കണ്ണൂർ):കിടപ്പ് രോഗിയായ വൃദ്ധമാതാവിനെ കൊന്ന മകളെ പോലീസ് അറസ്റ്റ് ചെയ്തു.മാലൂർ കപ്പറ്റപ്പൊയിലിലെ കോറോത്ത് ലക്ഷം വീട്ടിൽ കെ.നന്ദിനിയെ(75) കൊന്ന കേസിലാണ് ഏക മകൾ ഷേർളിയെ(49) പേരാവൂർ ഡി.വൈ.എസ്.പി.ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.ഷേർളിയെ കൂത്ത് പറമ്പ് കോടതിയിൽ ഹാജരാക്കി.

നന്ദിനിയെ ചവിട്ടിയും ഓലമടലുകൊണ്ട് അടിച്ചുമാണ് ഷേർലി കൊലപ്പെടുത്തിയത്.ചോരപുരണ്ട ഓലമടൽ വീട്ടുപറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.തലക്കും വാരിയെല്ലുകൾക്കും പരിക്കേറ്റതാണ് മരണകാരണം.

നന്ദിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടായതിനാൽ ഡോഗ് സ്‌ക്വാഡ്,ഫൊറൻസിക്,ഫിങ്കർപ്രിന്റ് വിഭാഗം എന്നിവരെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയാന്വേഷണം നടത്തിയ ശേഷമാണ് ഷേർലിയെ അറസ്റ്റ് ചെയ്തത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കൊലപാതമാണെന്ന് കണ്ടെത്തിയിരുന്നു.രോഗിയായ അമ്മയെ പരിചരിക്കാൻ കഴിയാത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

പേരാവൂർ ഡി.വൈ.എസ്.പി.ടി.പി.ജേക്കബ്,മാലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ എൻ.ബി.ഷൈജു,എസ്.ഐമാരായ അബ്ദുൾ റഹിമാൻ,ബാബുരാജ് എന്നിവരുടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.