kerala

പറഞ്ഞതൊന്നും ചെയ്യാന്‍ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച്‌ ശരണം വിളിച്ചതാകും; മോദിയെ പരിഹസിച്ച്‌ പിണറായി



 

കണ്ണൂര്‍: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ കേരളത്തിലെത്തിയപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളൊക്കെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് പറഞ്ഞതൊന്നും ചെയ്യാന്‍ പറ്റിയില്ലല്ലോയെന്ന് ആലോചിച്ചാകും മോദി ശരണം വിളിച്ചതെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്ന് നേരത്തെ കേരളത്തിലെത്തിയപ്പോള്‍ മോദി പറഞ്ഞിരുന്നു. ഇത് ഉദ്ദേശിച്ചാണ് പിണറായിയുടെ പരിഹാസം.

ബിജെപിക്ക് വളരാന്‍ പറ്റിയ മണ്ണല്ല കേരളം. വര്‍ഗീയത ഇളക്കി വിടാനുള്ള ബിജെപിയുടെ നീക്കം ഫലം കാണില്ല. പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചു. ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

“ഇപ്പോള്‍ കേരളത്തിലെത്തി എന്തൊക്കെയോ ചെയ്യുമെന്ന് ചിലര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കേരളത്തില്‍ തുരങ്കം വയ്‌ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കാതെ ആവശ്യങ്ങള്‍ക്ക് തുരങ്കം വച്ചവര്‍ കേരളത്തിലെത്തി വികസന പ്രശ്‌നം പറയുകയാണ്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്,” പിണറായി പറഞ്ഞു. പ്രളയ സമയത്ത് വിതരണം ചെയ്‌ത അരിക്ക് വരെ കണക്കുപറഞ്ഞ് കാശ് വാങ്ങിയവരാണ് കേന്ദ്ര സര്‍ക്കാരെന്നും പിണറായി കുറ്റപ്പെടുത്തി.



ഗുരുവായൂരിലും തലശേരിയിലും ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാത്തത് രഹസ്യ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും പിണറായി പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധം കാരണമാണ് കേരളത്തില്‍ ബിജെപി വളരാത്തത്. 2016 നേക്കാള്‍ വോട്ട് ഇത്തവണ ബിജെപിക്ക് കുറയുമെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു.

കോന്നിയില്‍ ശരണം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ‘സ്വാമിയേ, ശരണമയ്യപ്പ’ എന്ന് അഞ്ച് തവണ അദ്ദേഹം ശരണം വിളിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തിരുന്ന ജനങ്ങളെ കൊണ്ടും ശരണം വിളിപ്പിച്ചു. വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ ശരണം വിളി ഏറ്റെടുത്തത്. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിയായിരുന്നു മോദിയുടെ ശരണം വിളി