National

കോവിഡിന് ചികിത്സ തേടിയില്ല: വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി ദമ്ബതികള്‍ 2 ദിവസത്തെ ഇടവേളയില്‍ മരിച്ചു



കോവിഡിന് ചികിത്സ തേടിയില്ല: വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി ദമ്ബതികള്‍ 2 ദിവസത്തെ ഇടവേളയില്‍ മരിച്ചു

ചെന്നൈ : കോവിഡ് ബാധിച്ച്‌ ചെന്നൈയിലെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി ദമ്ബതികള്‍ രണ്ടു ദിവസത്തെ ഇടവേളയില്‍ മരിച്ചു. കെ.കെ.നഗര്‍ നെസപ്പാക്കത്തു താമസിക്കുന്ന കൊല്ലങ്കോട് താമ്ബ്രത്ത് രവീന്ദ്രന്‍ (60), ഭാര്യ വന്ദന നായര്‍ (52) എന്നിവരാണു മരിച്ചത്. രവീന്ദ്രന്‍ എസ്‌ആര്‍എം ഗ്രൂപ്പ് മുന്‍ പിആര്‍ഒയാണ്. വന്ദന നായര്‍ കെ.കെ.നഗര്‍ വാണി വിദ്യാലയത്തിലെ അഡീഷനല്‍ വൈസ് പ്രിന്‍സിപ്പലാണ്.

ദമ്ബതിമാര്‍ക്ക് മക്കളില്ല. തനിച്ചുതാമസിച്ചിരുന്ന ഇവര്‍ക്ക് ഒരാഴ്ചയിലേറെയായി അസുഖമായിരുന്നു. ബന്ധുക്കള്‍ ഫോണില്‍ വിളിക്കുമ്ബോള്‍ ശാരീരികാസ്വസ്ഥതകളെക്കുറിച്ച്‌ സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്. രണ്ടാഴ്ചയോളമായി ഇവര്‍ക്കു പനിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഏറെ ദിവസമായി ഇവരെ കാണാതെ ആയതോടെ വീട്ടില്‍ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നു ഇവരെ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലെത്തുന്നതിനു മുന്‍പേ രവീന്ദ്രന്‍ മരിച്ചു. കില്‍പോക് മെഡിക്കല്‍ കോളജ് കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന വന്ദന വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്.



ആശുപത്രിയിലെത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ചെന്നൈയിലെത്തി. കോവിഡ് ബാധിതരായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്‌കാരം നടത്തും.

കൊല്ലങ്കോട് താമ്ബ്രത്ത് പരേതരായ കൃഷ്ണന്‍ നായര്‍-പാര്‍വതി മേനോന്‍ ദമ്ബതികളുടെ മകനാണു രവീന്ദ്രന്‍. ജംഷഡ്പുര്‍ ടെല്‍കോയിലെ റിട്ട. ജീവനക്കാരന്‍ എം.മാധവന്‍ നായര്‍-വിനോദിനി ദമ്ബതികളുടെ മകളാണു വന്ദന. സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ദേവേഷ് കുമാര്‍, പരേതനായ രവികുമാര്‍.