kerala

ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് രണ്ട് വോട്ട്.



ആലപ്പുഴ > ഇരട്ട വോട്ട് ആരോപണം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് രണ്ട് വോട്ട്. മറ്റ് കടുംബാഗങ്ങള്‍ക്കും രണ്ട് മണ്ഡലങ്ങളില്‍ വോട്ടുണ്ടായിരുന്നെങ്കിലും ചെന്നിത്തല സ്വയം തുറന്നുവിട്ട വിവാദങ്ങള്‍ക്കിടയില്‍ അവയെല്ലാം ഒഴിവാക്കി.

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്കൂളിലെ 1011–-ാം നമ്ബറായും ഹരിപ്പാട് മണ്ണാറശാല യുപി സ്കൂളിലെ 1362–-ാം നമ്ബറായും ദേവകിയമ്മയ്ക്ക് വോട്ടുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ ക്യാമ്ബ് ഓഫീസായ മണ്ണാറശാല ആനന്ദമന്ദിരത്തിന്റെ വിലാസത്തിലാണ് രമേശ് ചെന്നിത്തലയുടെയും മറ്റ് കുടുംബാഗങ്ങളുടെയും നിലവിലെ വോട്ട്. തൃപ്പെരുന്തുറയില്‍ കുടുംബവീടായ കോട്ടൂര്‍ കിഴക്കതിലിലെ വിലാസത്തിലായിരുന്നു ഇവര്‍ക്കെല്ലാം മുമ്ബ് വോട്ടുണ്ടായിരുന്നത്.



പ്രതിപക്ഷനേതാവിന്റെ ഭാര്യ അനിതയ്ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞദിവസം വരെ ഇരട്ടവോട്ടുണ്ടായിരുന്നു. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്ബ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകള്‍. ഇരട്ടവോട്ട് വിവാദം ഉയര്‍ത്തിയതിന് പിന്നാലെ തൃപ്പെരുന്തുറയിലെ പട്ടികയില്‍ അമ്മയൊഴികെയുള്ളവരെ ഒഴിവാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെയായിരുന്നു വോട്ട്.

രമേശും കുടുംബാംഗങ്ങളും ഹരിപ്പാട്ടേക്ക് വോട്ട് മാറ്റിയത് ക്രമവിരുദ്ധമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നേടിയത് ചട്ടവിരുദ്ധമായാണെന്ന് വിവരാവകാശ രേഖയിലൂടെയാണ് വെളിപ്പെട്ടത്. ക്യാമ്ബ് ഓഫീസ് പ്രവര്‍ത്തിക്കുന്ന 12/481 എന്ന നമ്ബരിലെ വീട്ടിലെ സ്ഥിരതാമസക്കാരെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍പ്പട്ടികയില്‍ പേരു ചേര്‍ത്തത്. എന്നാല്‍ അപേക്ഷയില്‍ ചെന്നിത്തലയും കുടുംബവും ഇവിടെ എത്രനാളായി താസിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.