kerala

രാമകൃഷ്ണന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി; ഭാര്യയും മക്കളും കാമുകന്മാരും അടക്കം 6 പേര്‍ അറസ്റ്റില്‍



ചിറ്റാരിക്കാല്‍:  കടുമേനി സര്‍ക്കാര്‍ പട്ടികജാതി കോളനിയില്‍ പാപ്പിനി വീട്ടില്‍ രാമകൃഷ്ണന്റെ (47) മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ഭാര്യ, മക്കള്‍, കാമുകന്മാര്‍ അടക്കം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പി കെ തമ്ബായി (40), മകള്‍ പി ആര്‍ രാധിക (19), മറ്റൊരു മകള്‍, കാമുകന്മാരായ കോളനിയിലെ നാരായണന്റെ മകന്‍ പി എസ് സുനില്‍ (19), മനോജിന്റെ മകന്‍ പി മഹേഷ് (19), ഇവരുടെ സഹായി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഹൊസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

 

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കുറ്റികാട്ടില്‍ രാമകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റി കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്, അന്നുതന്നെ മരണം കൊലപാതകമാണെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുകയും മൃതദേഹം മറവുചെയ്യുന്നത് തടയുകയും ചെയ്തിരുന്നു. എന്നാല്‍ സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സംസ്കാരം നടത്താന്‍ അനുവദിച്ചത്.



തുടര്‍ന്ന് ചിറ്റാരിക്കല്‍ ഇന്‍സ്പെക്ടര്‍ പി രാജേഷ്, എസ്‌ഐ കെ പി രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. രാമകൃഷ്ണന്റെ മക്കളുമായി രണ്ട് യുവാക്കള്‍ക്ക് പ്രണയമുണ്ടായിരുന്നു. ഇതിന് ഭാര്യയുടെ ഒത്താശയും ഉണ്ടായിരുന്നുവത്രെ. എന്നാല്‍ ഇതിനെ രാമകൃഷ്ണന്‍ ചോദ്യം ചെയ്തു. ഇതാണ് രാമകൃഷ്ണന്റെ കൊലയിലേക്ക് നയിച്ചത്. 22 ന് രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ രാമകൃഷ്ണന്‍ ഉമ്മറപ്പടിയില്‍ കിടന്നുറങ്ങി. ഭാര്യയും മക്കളുടെ കാമുകന്മാരും സുഹൃത്തും ചേര്‍ന്ന് രാമകൃഷ്ണനെ സാരി ഉപയോഗിച്ച്‌ വീട്ടിന്റെ കഴുക്കോലില്‍ കെട്ടിതൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.