Local

മോറട്ടോറിയം നീട്ടില്ല, പലിശ നല്‍കണം:സുപ്രീംകോടതി-കൂട്ടുപലിശയും പിഴപ്പലിശയും ഈടാക്കുന്നത് കോടതി തടഞ്ഞു



മോറട്ടോറിയം നീട്ടില്ല, പലിശ നല്‍കണം:സുപ്രീംകോടതി-കൂട്ടുപലിശയും പിഴപ്പലിശയും ഈടാക്കുന്നത് കോടതി തടഞ്ഞു

ന്യ‌ൂഡല്‍ഹി:ലോക്ക് ഡൗണ്‍ കാലയളവില്‍ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ച മോറട്ടോറിയം നീട്ടാനും ആ കാലയളവിലെ പലിശയ്ക്ക് ഇളവ് നല്‍കാനും കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം,കൂട്ടുപലിശയും പിഴപ്പലിശയും ഈടാക്കുന്നത് കോടതി തടഞ്ഞു. മോറട്ടോറിയവുമായി ബന്ധപ്പെട്ട ഇളവുകള്‍ തേടി സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എം.ആര്‍.ഷാ, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയായിരുന്നു മോറട്ടോറിയം കാലാവധി.

പലിശ പൂര്‍ണമായും എഴുതിത്തള്ളുന്നത് ബാങ്കുകളെ തകര്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. നിക്ഷേപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടക്കം പലിശയും പെന്‍ഷനും നല്‍കാന്‍ ബാങ്കുകള്‍ ബാദ്ധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. മോറട്ടോറിയം സംബന്ധിച്ച ആര്‍.ബി.ഐയുടെ സര്‍ക്കുലര്‍ ബാങ്കുകള്‍ക്ക് മാത്രമല്ല, എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.

കൂട്ടുപലിശയും പിഴയും പാടില്ല



വായ്പാപരിധി നോക്കാതെ, മോറട്ടോറിയം കാലയളവിലെ എല്ലാ ഇടപാടുകളിലെയും കൂട്ടുപലിശയും (പലിശയിന്മേലുള്ള പലിശ), പിഴപ്പലിശയും ഒഴിവാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ധനകാര്യ സ്ഥാപനങ്ങള്‍ ആരില്‍നിന്നെങ്കിലും കൂട്ടുപലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണം. മോറട്ടോറിയം കാലയളവില്‍ രണ്ടു കോടിവരെയുള്ള വായ്പകള്‍ക്കു മാത്രം കൂട്ടുപലിശ ഇളവുചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനം യുക്തിരഹിതമെന്ന് കോടതി നിരീക്ഷിച്ചു. ആ ആറുമാസത്തെ കൂട്ടുപലിശ സര്‍ക്കാര്‍ വഹിക്കുകയാണ് ചെയ്തത്.

 സാമ്ബത്തിക പദ്ധതിയില്‍ ഇടപെടാനാകില്ല

സര്‍ക്കാരിന്റെ സാമ്ബത്തിക പാക്കേജുകളുടെ നിയമവശം പരിശോധിക്കാമെന്നല്ലാതെ നയങ്ങളിലും പദ്ധതികളിലും ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അങ്ങനെ ഇടപെടുന്നത് സാമ്ബത്തിക രംഗത്തെ ബാധിക്കും. ജി.എസ്.ടി വരുമാനത്തിലെ നഷ്ടവും കൊവിഡും ലോക്ക്ഡൗണുമൊക്കെ സര്‍ക്കാരിന്റെ സാമ്ബത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നിലവില്‍ ആരോഗ്യം,​ ഫാര്‍മസ്യൂട്ടിക്കല്‍സ്. ഭക്ഷ്യരംഗം തുടങ്ങിയ മേഖലകളില്‍ അധികച്ചെലവ് നേരിടേണ്ടിവരുന്നു. അതിനാല്‍ ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.