Local

കുഫോസ് കണ്ണൂര്‍, കൊല്ലം സെന്ററുകള്‍ക്ക് 2 കോടി വീതം



കുഫോസ് കണ്ണൂര്‍, കൊല്ലം സെന്ററുകള്‍ക്ക് 2 കോടി വീതം

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) കണ്ണൂര്‍, കൊല്ലം സെന്ററുകള്‍ക്ക് 2 കോടി രൂപ വീതവും പുതുവൈപ്പ് കാമ്ബസിന്റെ വികസനത്തിന് ഒരു കോടി രൂപയും 2021-22 ബഡ്ജറ്റില്‍ വകയിരുത്തി.

88.08 കോടി രൂപയുടെ വാര്‍ഷിക ബഡ്‌ജറ്റിന് ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. 54.07 കോടി രൂപ പദ്ധതി ചെലവുകള്‍ക്കും 24.55 കോടി രൂപ പദ്ധതിയിതര ചെലവുകള്‍ക്കും വകയിരുത്തുന്ന ബഡ്‌ജറ്റ് 5.55 കോടി രുപയുടെ സഹായം ബാഹ്യ ഏജന്‍സികളില്‍ നിന്ന് പ്രതീക്ഷിക്കുന്നു.

കൊല്ലം, പയ്യന്നൂര്‍ റീജിയണല്‍ സെന്ററുകളില്‍ തുടങ്ങുന്ന ബി.എഫ്.എസ്.സി കോഴ്‌സിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ വകയിരുത്തി. പുതിയ കോഴ്‌സുകള്‍ തുടങ്ങാനും നിലവിലുള്ളവയുടെ ഗുണനിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനും 9.50 കോടി രൂപ അനുവദിച്ചു.



മത്സ്യക്കുഞ്ഞുങ്ങളെ വികസിപ്പിച്ച്‌ കര്‍ഷകര്‍ക്ക് കൈമാറുന്നതിന് പുതുവൈപ്പിനില്‍ സ്ഥാപിച്ച ഫിന്‍ഫിഷ് ഹാച്ചറിയുടെ പ്രവര്‍ത്തനത്തിന് 30 ലക്ഷം രൂപയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ 10 കോടി രൂപ ചെലവില്‍ കുഫോസില്‍ സ്ഥാപിക്കുന്ന റഫറല്‍ ലാബിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 30 ലക്ഷം രുപയും മാറ്റിവച്ചു.

ഗവേഷണ നേട്ടങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുന്ന വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് 1.5 കോടി രൂപയും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ പശ്ചാത്തല വികസനത്തിനായി 15 കോടി രൂപയും വകയിരുത്തി.കുഫോസ് ആസ്ഥാനത്ത് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ വൈസ് ചാന്‍സര്‍ ഡോ. കെ. റിജി ജോണാണ് ബഡ്‌ജറ്റ് അവതരിപ്പിച്ചത്.