kerala

തുടര്‍ഭരണ സര്‍വേ തട്ടിപ്പെന്ന് വെളിപ്പെടുത്തല്‍: സര്‍വേ നടത്തികൊടുത്തത് തട്ടിപ്പ് ഇടപാടില്‍ ഒളിക്യാമറയില്‍ കുടുങ്ങിയ കമ്ബനിയെന്ന് ആരോപണംതിരുവനന്തപുരം: പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് പ്രവചിച്ച സര്‍വേ ഏജന്‍സിയെക്കുറിച്ച്‌ വ്യാപകമായ പരാതി. തട്ടിപ്പ് ഇടപാടിന് ഒളിക്യാമറയില്‍ പിടികൂടിയ കമ്ബനിയാണിതെന്നാണ് വിവരം. പണം വാങ്ങി രാഷ്ട്രീയ കക്ഷികള്‍ക്ക് അനുകൂലമായി ഫലം പ്രവചിക്കുന്ന ഏജന്‍സികളെ കുടുക്കാനായി 2014ല്‍ ഡല്‍ഹിയില്‍ ‘ന്യൂസ് എക്‌സ്പ്രസ്സ്’ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങിയ ‘സി-വോട്ടര്‍’ ഏജന്‍സിയാണ് പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ച്‌ മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് വേണ്ടി സര്‍വേ നടത്തി തുടര്‍ഭരണം പ്രവചിച്ചത്. പല തെരഞ്ഞെടുപ്പ് പ്രവചനങ്ങളിലും വിശ്വാസ്യത പൂര്‍ണമായും നഷ്ടപ്പെടുത്തിയ സി-വോട്ടറുടെ പ്രവചനങ്ങളുടെ വിശ്വാസ്യത തന്നെ സംശയത്തിലാണ്. അതോടൊപ്പം മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയല്ലേ എന്നാണ് ഉയരുന്ന ചോദ്യം.
ഇത് സംബന്ധിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത് സത്യമേവജയതേ എന്ന ഓണ്‍ലൈന്‍ പത്രമാണ്. കഴിഞ്ഞയാഴ്ച ടൈംസ് നൗ ഗ്രൂപ്പിന് വേണ്ടി പ്രവചനം നടത്തുമ്ബോള്‍ ഒന്നരവര്‍ഷം മുമ്ബ് മരിച്ചുപോയ കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 0.8 ശതമാനം പിന്തുണയുണ്ടെന്ന് കൂടി കണ്ടെത്തിയ ഏജന്‍സിയാണ് സി-വോട്ടര്‍.

ഇതേ ഏജന്‍സിയാണ് പ്രമുഖ ചാനലിന് വേണ്ടിയും കല്‍ക്കത്തയില്‍ നിന്നുള്ള എ.ബി.പി ഗ്രൂപ്പിന് വേണ്ടിയും പ്രവചനം നടത്തിയത്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവചന ചരിത്രത്തില്‍ ആദ്യമായാണ് മരിച്ചുപോയ വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 0.8 ശതമാനം പിന്തുണയുണ്ടെന്ന് പ്രവചിച്ചതെന്ന് ഓണ്‍ലൈന്‍ പത്രം ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവചനങ്ങള്‍ നടത്തിയ ഏജന്‍സിയെ കൊണ്ടാണ് കേരളത്തിലെ മാധ്യമ സ്ഥാപനങ്ങള്‍ സര്‍വേ നടത്തിയത് എന്ന വിരോധാഭാസം പുതിയ വിവാദത്തിനു തിരികൊളുത്തുകയാണ്.
2014ല്‍ മോദി തരംഗമെന്ന് സര്‍വേ ഏജന്‍സികളെ കയ്യിലെടുത്ത് ബി.ജെ.പി നടത്തിയ പ്രവചനങ്ങളുടെ ചുവടുപിടിച്ചാണ് ന്യൂസ് എക്‌സ്പ്രസ്സ് ചാനല്‍ ഇത്തരമൊരു സ്റ്റിംങ് ഓപ്പറേഷന്‍ നടത്തിയത്.
കൃത്യമായ വിവരശേഖരണമോ, ഡാറ്റകളോ നടത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നവിധം സര്‍വേ കണക്ക് നല്‍കുകയാണ് ഈ ഏജന്‍സികള്‍ തുടര്‍ന്നുകൊണ്ടിരുന്നത്. ഈ തട്ടിപ്പാണ് ചാനല്‍ പുറത്തുകൊണ്ടുവന്നത്.സി-വോട്ടറിനെ ഈ തട്ടിപ്പ് ഇടപാടില്‍ പിടികൂടിയതോടെ അവരുമായി കരാറുണ്ടായിരുന്ന, ഇന്ത്യ ടുഡേ ഗ്രൂപ്പും, ടൈംസ് നൗ ഗ്രൂപ്പും കരാര്‍ റദ്ദാക്കിയത് വലിയ വാര്‍ത്തയായിരുന്നു.

 

ആര്‍.എസ്.എസുമായി അടുത്തബന്ധം പുലര്‍ത്തുന്ന യശ്വന്ത് ദേശ്മുഖ് എന്ന വ്യക്തിയുടേതാണ് സി-വോട്ടര്‍ എന്നും ആരോപണമുണ്ട്.
‘ഓപ്പറേഷന്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പേരില്‍ ന്യൂസ് എക്‌സ്പ്രസ്സ് നടത്തിയ ഒളിക്യാമറാ ഓപ്പറേഷനില്‍ പണം വാങ്ങി, പാര്‍ട്ടികളുടെ താത്പര്യം അനുസരിച്ച്‌ സര്‍വ്വേ നടത്തിക്കൊടുക്കുന്ന 11 ഏജന്‍സികളെയാണ് സ്റ്റിംങ് ഓപ്പറേഷനില്‍ പിടികൂടിയത്.
സര്‍വ്വേകള്‍ പരാജയപ്പെടുമ്ബോള്‍ ടെലിവിഷന്‍ ചാനലുകളോ, സര്‍വ്വേ നടത്തിയ ഏജന്‍സികളോ തെറ്റ് ഏറ്റുപറയാറുമില്ല.
2004ല്‍ രാജ്യത്തെ എല്ലാ സര്‍വ്വേ ഏജന്‍സികളും പ്രധാനമന്ത്രി എ.ബി വാജ്പയി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവരുമെന്നായിരുന്നു പ്രവചിച്ചത്. ഇന്ത്യ തിളങ്ങുന്നു എന്ന 20,000 കോടി രൂപയുടെ പരസ്യപ്രചാരണം കണ്ട് മഞ്ഞളിച്ച മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വേകളാണ് ചീറ്റിപ്പോയത്. 2009ലും സമാനമായ മണ്ടത്തരങ്ങള്‍ സംഭവിച്ചു.
പിണറായി സര്‍ക്കാര്‍ നല്‍കിയ 200 കോടിയുടെ പരസ്യത്തില്‍ കണ്ണുനട്ടാണ് ചാനലുകളും പത്രസ്ഥാപനങ്ങളും തട്ടിക്കൂട്ട് സര്‍വേ നടത്തി തുടര്‍ഭരണം പ്രഖ്യാപിച്ചിരിക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരും പാലക്കാട്ടെ വി.കെ ശ്രീകണ്ഠനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശുമൊക്കെ മൂന്നാംസ്ഥാനത്ത് പോകുമെന്ന് പ്രവചിച്ച സര്‍വേ കമ്ബനികളാണ് ഇത്തവണയും പിണറായിയുടെ തുടര്‍ഭരണം പ്രവചിച്ചിരിക്കുന്നതെന്ന ആരോപണവുമുണ്ട്.