home

പാവങ്ങളുടെ പടത്തലവന്‌ ഓർമപ്പൂക്കൾ



പാവങ്ങളുടെ പടത്തലവന്‌ ഓർമപ്പൂക്കൾ

കണ്ണുർ:പാവങ്ങളുടെ പടത്തലവൻ എ കെ ജിക്ക്‌ നാടിന്റെ സ്‌മരണാഞ്‌ജലി. പ്രഭാതഭേരിയും പതാക ഉയർത്തലും അനുസ്‌മരണ യോഗങ്ങളും ഉൾപ്പെടെ വിപുലമായ പരിപാടികളോടെയാണ്‌ സിപിഐ എം നേതൃത്വത്തിൽ എ കെ ജിയുടെ ദീപ്‌ത സ്‌മരണ പുതുക്കിയത്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തുടർഭരണം ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാകുമെന്ന്‌ അനുസ്‌മരണ പരിപാടികളിൽ അണിനിരന്ന പതിനായിരങ്ങൾ പ്രതിജ്ഞ ചെയ്‌തു.

 

കണ്ണൂർ കാൽടെക്‌സിലെ എ കെ ജി പ്രതിമയിൽ രാവിലെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായമന്ത്രിയുമായ ഇ പി ജയരാജന്റെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ പ്രഭാഷണവും ഇ പി നിർവഹിച്ചു. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ അധ്യക്ഷനായി. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു.

 

സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, മറ്റു നേതാക്കളായ എം പ്രകാശൻ, എൻ ചന്ദ്രൻ, പി ശശി, അരക്കൻ ബാലൻ, കെ പി സുധാകരൻ, പി കെ ശബരീഷ്‌ കുമാർ, എം ഷാജർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ എന്നിവരും പങ്കെടുത്തു. പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തു നിന്ന്‌ പ്രകടനമായാണ്‌ നേതാക്കളും പ്രവർത്തകരുമെത്തിയത്‌.