Wed. Sep 30th, 2020




മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസ്സായിരുന്നു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018 ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.

ജയ്‌പൂരിലാണ് ജനനം. പിതാവ് സഹാബ്‌ദേ ഇര്‍ഫാന്‍ അലി ഖാന്‍. എം.എ. കഴിഞ്ഞതിനുശേഷം 1984 ല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്നു അഭിനയം പഠിച്ചു. ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക തിയേറ്റര്‍ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘പാന്‍ സിംഗ് തോമര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി. 2003 ല്‍ അശ്വിന്‍ കുമാര്‍ സം‌വിധാനം ചെയ്ത ‘റോഡ് ടു ലഡാക്’ എന്ന ലഘുചിത്രത്തില്‍ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. 2004 ല്‍ ഹാസില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മികച്ച്‌ വില്ലനുള്ള ഫിലിം‌ഫെയര്‍ അവാര്‍ഡ് ലഭിച്ചു.

2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു. ‘അംഗ്രേസി മീഡിയ’മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.




By onemaly