Local

ഇരിക്കൂര്‍ കോണ്‍ഗ്രസില്‍ പ്രശ്ന പരിഹാരം; എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിച്ചു



ഇരിക്കൂര്‍ കോണ്‍ഗ്രസില്‍ പ്രശ്ന പരിഹാരം; എ ഗ്രൂപ്പ് പ്രതിഷേധം അവസാനിപ്പിച്ചു

ഇരിക്കൂര്‍ സീറ്റിനെ ചൊല്ലി കണ്ണൂരിലെ കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് വിരാമം. ഇടഞ്ഞു നിന്ന എ ഗ്രൂപ്പ്‌ നേതാക്കളെ പങ്കെടുപ്പിച്ച്‌ ഇരിക്കൂറില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ നടത്തി. വിയോജിപ്പുകള്‍ സ്വാഭാവികമാണെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. രണ്ട് ദിവസത്തിനകം പ്രശ്നപരിഹാര മുണ്ടാകുമെന്ന് കെ സുധാകരനും വ്യക്തമാക്കി.

രണ്ടാഴ്ചയോളം നീണ്ട പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച്‌ എ ഗ്രൂപ്പ്‌ നേതാക്കള്‍ സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എത്തിയതോടെ കണ്ണൂരിലെ കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി. സജീവിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച്‌ രാജിവെച്ച യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അടക്കം ഏതാണ്ട് എല്ലാ നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കണ്‍വെന്‍ഷനില്‍ സംസാരിച്ച കെ.സി ജോസഫും കെ.സുധാകരനും അടക്കമുള്ളവരും മുറിവ് ഉണക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്.



എന്നാല്‍ സോണി സെബാസ്റ്റ്യന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ല. വ്യക്തി പരമായ കാരണങ്ങളാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. ഒപ്പം ഒരു വിഭാഗം എ ഗ്രൂപ്പ്‌ നേതാക്കളുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. പരിഹാര ഫോര്‍മുല പ്രഖ്യാപിക്കാന്‍ നേതൃത്വം തയ്യാറാവാത്തതാണ് ഇവരുടെ അതൃപ്‌തിക്ക് കാരണം. ഇതിനിടെ സോണി സെബാസ്റ്റ്യന് രാജ്യസഭ സീറ്റ് നല്‍കുന്നത് സംബന്ധിച്ച്‌ യു.ഡിഎഫിനുള്ളില്‍ ഏകദേശ ധാരണ രൂപപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.