ചെറുപുഴ മേഖലയില്‍ രണ്ടു പ്രത്യേക സോണുകള്‍ – Sreekandapuram Online News-
Thu. Sep 24th, 2020




ചെറുപുഴ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ചെറുപുഴ, പെരിങ്ങോം, ആലക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി രണ്ടു പ്രത്യേക സോണുകള്‍ രൂപീകരിച്ചു. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ചുണ്ട മുതല്‍ ആലക്കോട് ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഒന്നാമത്തെ സോണ്‍. പുളിങ്ങോം, കോഴിച്ചാല്‍, രാജഗിരി, ജോസ്ഗിരി തുടങ്ങിയ ടൗണുകളും ആലക്കോട് പഞ്ചായത്തിലെ കുറേ ഭാഗങ്ങളുമുള്‍പ്പെട്ടതാണ് ഈ സോണ്‍. ചെറുപുഴ പഞ്ചായത്തിലെ കൊല്ലാട, പെരിങ്ങോം പഞ്ചായത്തിലെ നെടുങ്കല്ല്, പോത്താംകണ്ടം, പെരിങ്ങോം തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ സോണ്‍.
സോണുകളിലുള്ള ഇടറോഡുകളെല്ലാം അടയ്ക്കും. ഒരു പ്രവേശനകവാടവും ഒരു ബഹിര്‍ഗമന കവാടവും ഉണ്ടായിരിക്കും. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ സോണുകളില്‍നിന്നു പുറത്തുകടക്കാനും അവിടേക്കു പ്രവേശിക്കാനും അനുവദിക്കില്ല. കോവിഡ് ബാധിതരുമായി പ്രാഥമിക സമ്ബര്‍ക്കമുണ്ടായവരും അവര്‍ക്കൊപ്പം യാത്രചെയ്തവരുമുള്ളതുകൊണ്ടാണ് സോണുകള്‍ രൂപീകരിച്ചത്. ഇത്തരമാളുകള്‍ താമസിക്കുന്ന വീടുകള്‍ക്കുമുന്നില്‍ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെറിയ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ സോണുകളില്‍ അനുവദിക്കില്ല. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കുമാത്രമേ സോണില്‍നിന്നു പുറത്തേക്കുള്ള യാത്ര അനുവദിക്കുകയുള്ളൂ. കരുതല്‍നടപടിയുടെ ഭാഗമായാണ് സോണുകള്‍ രൂപീകരിച്ചത്. എന്നാല്‍ ചുണ്ട മുതല്‍ പാടിയോട്ടുചാല്‍ വരെയുള്ള പ്രദേശങ്ങള്‍ സോണില്‍ ഉള്‍പ്പെടുകയില്ല. കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ബാധിതരുണ്ടെന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെ വ്യാപകപ്രചാരണം നടക്കുന്നുണ്ടെന്നും ഇതു വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

വ്യാജപ്രചാരണം തള്ളിക്കളയണം

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തുവെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജമീല കോളയത്ത് പറഞ്ഞു. പുളിങ്ങോം, വാഴക്കുണ്ടം, കൊല്ലാട എന്നിവിടങ്ങളില്‍ വിദേശത്തുനിന്ന് വന്നവരും കോവിഡ് ബാധിച്ചവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുമുണ്ട്. ഇവരുടെ ക്വാറന്‍റൈന്‍ കാലാവധി 28 ദിവസം കഴിഞ്ഞതാണ്.14 ദിവസംകൂടി കൂട്ടിയതിനാല്‍ ഈ പ്രദേശങ്ങളില്‍ പോലീസ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് നിയന്ത്രണം ശക്തമാക്കിയതാണ് കോവിഡ് ബാധിതരുണ്ടെന്ന സംശയമുണ്ടാകാന്‍ കാരണം.