Local

‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു’: ജീന്‍സ് വിവാദത്തില്‍ മാസ് മറുപടിയുമായി പ്രിയങ്കാ ഗാന്ധി



‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു’: ജീന്‍സ് വിവാദത്തില്‍ മാസ് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: സ്‌ത്രീകളും പെണ്‍കുട്ടികളും കീറിയ ജീന്‍സ് ധരിക്കുന്നതിനെതിരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് നടത്തിയ പ്രസ്‌താവനയില്‍ സമൂഹമാദ്ധ്യമങ്ങളിലാകെ വന്‍ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ബിജെപി നേതാക്കള്‍ ആര്‍.എസ്.എസിന്റെ പഴയ യൂണിഫോമിലുള‌ള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രിയങ്കയുടെ പ്രതിഷേധം. ‘ഈശ്വരാ അവരുടെ കാല്‍മുട്ടുകള്‍ കാണുന്നു’ എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും, മോഹന്‍ഭഗവതും, നിതിന്‍ ഗ‌ഡ്കരിയും ആര്‍എസ്‌എസിന്റെ പഴയ യൂണിഫോം വെള‌ള ഷര്‍ട്ടും കാക്കി ട്രൗസറും ധരിച്ച ചിത്രങ്ങളാണ് പ്രിയങ്ക ട്വി‌റ്ററില്‍ പങ്കുവച്ചത്.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഡെറാഡൂണിലെ ഒരു ശില്‍പശാലയില്‍ പങ്കെടുക്കവെയായിരുന്നു തീരഥ് സിംഗ് റാവത്തിന്റെ അഭിപ്രായപ്രകടനം. സാമൂഹിക പ്രവര്‍ത്തകയായ ഒരു സ്ത്രീ കീറിയ ജീന്‍സണിഞ്ഞെത്തിയത് സമൂഹത്തെ കുറിച്ച്‌ തനിക്ക് ആശങ്കയുണ്ടാക്കിയെന്നും കീറലുള‌ള ജീന്‍സിട്ട സ്‌ത്രീകള്‍ക്ക് വീട്ടിലുള‌ള കുട്ടികള്‍ക്ക് മാതൃകയാകാനും നല്ല സന്ദേശം പകരാനും സാധിക്കില്ലെന്നുമായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ അഭിപ്രായം. മുതിര്‍ന്നവര്‍ ചെയ്യുന്നതാണ് കുട്ടികള്‍ അനുകരിക്കുക. വീട്ടില്‍ ശരിയായ സാംസ്‌കാരിക വിദ്യാഭ്യാസം കിട്ടിയാല്‍ കുട്ടികള്‍ ആധുനിക ജീവിതശൈലി പിന്തുടര്‍ന്നാലും ഭാവിയില്‍ പരാജയപ്പെടില്ലെന്നായിരുന്നു റാവത്ത് പറഞ്ഞത്.

വിദേശത്തുള‌ള ജനങ്ങള്‍ നമ്മുടെ യോഗ ഉള്‍പ്പടെ ശീലമാക്കുമ്ബോള്‍ നാം അവരുടെ മാതിരിയുള‌ള വസ്‌ത്ര ധാരണത്തിലൂടെ നഗ്നതാ പ്രദര്‍ശനം പ്രോത്സാഹിപ്പിക്കുകയാണ്.തിരാഥിന്റെ പ്രസ്‌താവന പല പ്രമുഖരും തള‌ളിക്കളഞ്ഞു. ഇത്തരം മനസ്ഥിതിയാണ് സ്‌ത്രീകള്‍ക്കെതിരെ കു‌റ്റകൃത്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്ന് നടി ജയാ ബച്ചന്‍ പറഞ്ഞു.

ഇതിനിടെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്‌ക്ക് പിന്തുണയുമായെത്തി ഭാര്യ രശ്‌മി ത്യാഗി. സമൂഹത്തിന്റെ ഉന്നമനത്തിന് സ്‌ത്രീ പങ്കാളിത്തം പ്രധാനമാണെന്നും നമ്മുടെ സാംസ്‌കാരിക പൈതൃകവും വ്യക്തിത്വവും വസ്‌ത്ര ധാരണരീതിയും സംരക്ഷിക്കേണ്ടത് സ്ത്രീകളുടെ കടമയാണെന്നും രശ്‌മി അഭിപ്രായപ്പെട്ടു.