
കൊച്ചി: സംസ്ഥാനത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോട് കൂടി സാമൂഹിക അടുക്കളകള്‍ സജ്ജമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന ഇത്തരം സാമൂഹിക അടുക്കളകള്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കേണ്ടത്. എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളകള്‍ക്ക് സര്‍ക്കാര്‍ സാമ്ബത്തിക സഹായമൊന്നും നല്‍കിയിട്ടില്ലെന്ന ആരോപണവുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്.
കോര്‍പ്പറേഷന്റെ തനത് ഫണ്ടില്‍ നിന്നാണ് ഇപ്പോള്‍ സാമൂഹിക അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നതെന്നും ഈ സ്ഥിതി തുടര്‍ന്നാല്‍ കോര്പ്പറേഷന് ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്ബളം പോലും നല്കാന് കഴിയില്ലെന്ന് സൗമിന് ജെയിന് പറഞ്ഞു.
ദിവസവും പതിനായിരം പേര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം എത്തിക്കുന്നുണ്ടെന്നും ധനസഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് സൗമിന് ജെയിന് പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും 600 കിലോ അരി മാത്രമാണ് ലഭിച്ചത്. തനത് ഫണ്ടില്‍ നിന്നാണ് അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നത്. ഇങ്ങനെ പോയാല്‍ അടുത്ത മാസത്തെ ശമ്ബളം പോലും മുടങ്ങും. മാര്‍ച്ച് 26 നാണ് കൊച്ചി കോര്‍പ്പറേഷനില്‍ സാമൂഹിക അടുക്കളകള്‍ തുടങ്ങിയത്. എന്നാല്‍ ഇത് മതിയാകില്ലായെന്ന് ജില്ലാ ഭരണകൂടം വിമര്‍ശിച്ചതോടെ കുടുംബശ്രീയുമായി ചേര്‍ന്ന് പുതുതായി 11 ആരംഭിച്ചു. കുടുംബശ്രീ മിഷന് വഴി 50000 രൂപ വാഗ്ദാനം ചെയ്തെങ്കിലും അതും ലഭിച്ചില്ലെന്ന് സൗമിനി ജെയിന് പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യങ്ങളില്‍ ആരും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന ലക്ഷ്യത്തോടെയാണ് സാമൂഹിക അടുക്കളകള്‍ ആരംഭിച്ച്ത്.കേരളത്തില്‍ കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ മെയ് പതിനഞ്ച് വരെ ഭാഗികമായി ലോക്ക്ഡൗണ്‍ തുടരാനാണ് നീക്കം. അതേസമയം കോട്ടയം, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ റെഡ് സോണില്‍ തന്നെ തുടരും.
കേരളത്തില്‍ ഇന്നലെ 13 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് ആറ് പേര്‍ക്കും ഇടുക്കിയില്‍ നാല് പേര്‍ക്കും പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരേയും 481 പേര്‍ക്കാണ് രോഗം ഭേദമായത്. അതില്‍ 121 പേര് മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്താകമാനം ആറോളം സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടത്.