തളിപ്പറമ്പ്: തൃച്ചംബരത്തെ സ്കൂൾ ബസ്സിന്റെ ബാറ്ററി മോഷ്ടിച്ച കേസിൽ യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് കൂളിക്കുന്നിലെ അട്ടയത്ത് റംസാനെയാണ് പിടികൂടിയത്.
2020 മാർച്ച് 15നാണ് തൃച്ചംബരം യു.പി സ്കൂളിലെ ബസ്സിന്റെ ബാറ്ററി മോഷ്ടിച്ച് റംസാൻ മുങ്ങിയത്. സ്കൂളിന്റെ ഓഫിസ് റൂം തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് വാഹന മോഷണക്കേസിൽ റംസാനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് പിടിയിലായത്. തുടർന്ന് ബേക്കൽ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തൃച്ചംബരത്തെ മോഷണക്കേസിൽ പ്രതി റംസാനാണെന്ന് തെളിഞ്ഞത്. തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മാസങ്ങൾക്ക്മുമ്പ് ലോറി മോഷണക്കേസിൽ വളപട്ടണം പൊലീസും റംസാനെ അറസ്റ്റ് ചെയ്തിരുന്നു.