ലൈംഗിക പീഡനകേസ്: ജാമ്യം ലഭിക്കാന്‍ രാഖി കെട്ടണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: ലൈംഗിക പീഡനകേസില്‍ ജാമ്യം ലഭിക്കാന്‍ ഇരയായ പെണ്‍കുട്ടിയുടെ കൈയില്‍ രാഖികെട്ടണമെന്ന മധ്യപ്രദേശ് ഹൈകോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വനിത അഭിഭാഷകര്‍ നല്കിയ ഹരജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. ഇത്തരം ഉത്തരവുകള്‍ പിന്നീട് ആവര്‍ത്തിക്കുന്നതിന് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.
പെണ്‍കുട്ടി അനുഭവിച്ച മാനസികമായ പീഡനം പരിഗണിക്കണമെന്ന് വനിത അഭിഭാഷകരുടെ ആവശ്യവും കോടതി അംഗീകരിച്ചു. കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയേയും ഹരജിയില്‍ ചോദ്യം ചെയ്തിരുന്നു.
2020 ഏപ്രിലിലാണ് അയല്‍ക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ഉജ്ജയിന്‍ സ്വദേശിയായ വിക്രം ബാഗരിെയ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാള്‍ മധ്യപ്രദേശ് ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യം ലഭിക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്നായി ഹൈകോടതിയുടെ ഇന്ദോര്‍ ബെഞ്ച് മുന്നോട്ട് വെച്ചത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് രാഖികെട്ടണമെന്നതായിരുന്നു. ഈ വ്യവസ്ഥക്കെതിരെയാണ് വനിത അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതിന് പുറമേ യുവതിയുടെ സഹോദരന് 11,000 രൂപയും മകന് വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാന്‍ 5000 രൂപയും നല്‍കാനും കോടതി ഉത്തരവിട്ടു. ഒക്ടോബര്‍ 16ന് മധ്യപ്രദേശ് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.