kerala

കോഴിക്കല്ലിൽ കോഴിയെ വെട്ടി,തടയാൻ ശ്രമിച്ച എസ്ഐക്കു വെട്ടേറ്റു; പട്ടുവിരിക്കാനെന്ന വ്യാജേന എത്തിയ സംഘം



കോഴിക്കല്ലിൽ കോഴിയെ വെട്ടി,തടയാൻ ശ്രമിച്ച എസ്ഐക്കു വെട്ടേറ്റു; പട്ടുവിരിക്കാനെന്ന വ്യാജേന എത്തിയ സംഘം

 

കൊടുങ്ങല്ലൂർ ∙ നിയമം മൂലമുള്ള നിരോധനം മറികടന്നു ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ കോഴിക്കല്ലിൽ വീണ്ടും കോഴിയെ വെട്ടി. 1968-ലെ ജന്തു_പക്ഷി ബലി നിരോധന നിയമപ്രകാരം 1977 ൽ കൊടുങ്ങല്ലൂരിൽ കോഴി ബലി അവസാനിപ്പിച്ചതാണ്. കോഴിയെ കോഴിക്കല്ലിൽ സമർപ്പിക്കുന്നതാണ് ഇപ്പോഴത്തെ ചടങ്ങ്.

 

തടയാൻ ശ്രമിച്ച എസ്ഐക്കു വെട്ടേറ്റു. വടക്കേ നടയിലാണ് സംഭവം. കോഴിയെ വെട്ടാൻ എത്തിയ മലപ്പുറം ആദി മാർഗി മഹാചണ്ടാള ബാബമലബാറി മാതൃകുല ധർമരക്ഷാ ആശ്രമത്തിലെ 9 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കയ്പമഗംലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ റോയ് ഏബ്രഹാമിനാണു വെട്ടേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കോഴിയെ വെട്ടിയതിനെ തുടർന്നു കോഴിക്കല്ലിനു സമീപം പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. കല്ലി‍ൽ പട്ടുവിരിക്കാനെന്ന വ്യാജേന എത്തിയ സംഘം കോഴിയെ വെട്ടുകയായിരുന്നു.  തടയാൻ ശ്രമിച്ചപ്പോഴാണ് എസ്ഐക്കുനേരെ കത്തിവീശിയത്. സംഭവത്തിനു ശേഷം ക്ഷേത്രത്തിൽ നിന്നു പൊടുന്നനെ മുങ്ങാൻ ശ്രമിച്ച സംഘത്തെ പൊലീസ് ബലംപ്രയോഗിച്ചു പിടിക്കുകയായിരുന്നു.

ഏലംകുളം കുന്നക്കാവ് പടുവൻ തൊടി ബിജു (36), വളാഞ്ചേരി കതിരക്കുന്ന് പറമ്പിൽ ഗിരീഷ് (36), പെരിങ്ങോട്ടുകുലം കുറുന്തല ശ്രീജേഷ് (26), വടകര വാക്കയിൽ ചള്ളിയിൽ ഷരുൺദാസ് (28), തിരൂരങ്ങാടി കണ്ണാടി തടത്തിൽ സുഭാഷ് (37), ചെങ്ങന്നൂർ വലിയവീട്ടിൽ സുധീഷ് (35), പഴമള്ളൂർ കുറുന്തല അനിൽ കുമാർ (40), മണക്കടവ് ബദാലി രൂപേഷ് (34), പെരിങ്ങോട്ടുകുലം കുറുന്തല രഞ്ജിത്ത് (31)  എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.ഇവരെ കോടതി റിമാൻഡ് ചെയ്തു.



കഴിഞ്ഞ ദിവസവും കോഴിയെ വെട്ടി

ചൊവ്വാഴ്ച രേവതി നാളിൽ കോഴിക്കല്ലിനു മീതെ കോഴിയെ വെട്ടിയ കേസിൽ‍ 4  പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴുത്താണി ചങ്ങംമ്പള്ളി കളരിക്കൽ പരമ്പര ശ്രീദേവ് (28),മൂക്കന്നൂർ അഴകം, കണ്ടേശ്വരത്ത് കളരിക്കൽ ഹരികൃഷ്ണൻ (28),കിഴുത്താണി പാറയിൽ വീട്ടിൽ വിഷ്ണു. (22),കിഴുത്താണി ചങ്ങരംകുളത്ത് അനന്തകൃഷ്ണൻ (18)  എന്നിവരെ ആണ് ഇൻസ്പെകടർ സോണി മത്തായിയും സംഘവും അറസ്റ്റ് ചെയ്തത്.

സെക്യൂരിറ്റി ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും കോഴിയെ വെട്ടാനുള്ള ആയുധവുമായി നിൽക്കുന്നവരെ തടയാനായില്ല. ദേവസ്വം മാനേജർ എം.ആർ. മിനി യുടെ പാരാതിയെ തുടർന്നാണു പൊലീസ് കേസെടുത്തത്. എസ്ഐ മുഹമ്മദ് റഫീക്ക്, എഎസ്ഐ സി.ആർ. പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.