Local

മുഴക്കുന്നില്‍ ബി.ജെ.പി പ്രചാരണ വാഹനത്തിന് നേരെ അക്രമം



മുഴക്കുന്നില്‍ ബി.ജെ.പി പ്രചാരണ വാഹനത്തിന് നേരെ അക്രമം

ഇരിട്ടി: മുഴക്കുന്ന് മേഖലയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയായിരുന്ന ബി.ജെ.പി പ്രചാരണ വാഹനത്തിനു നേരെ അക്രമം. വാഹനം മുടക്കോഴി സ്‌കൂളിന് സമീപം എത്തിയപ്പോള്‍ എട്ടോളം പേര്‍ അടങ്ങുന്ന സംഘം വാഹനം തടഞ്ഞു നിര്‍ത്തുകയും ബലമായി മൈക്ക് സെറ്റ് ഓഫ് ചെയ്യുകയും വാഹനത്തില്‍ കെട്ടിയ പ്രചാരണ ബോര്‍ഡുകള്‍ വലിച്ചു കീറുകയും ചെയ്തു. ഡ്രൈവറെയും, ബി.ജെ.പി പ്രവര്‍ത്തകനെയും ഭീഷണിപ്പെടുത്തി.

സി.പി.എം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. ഈ ഭാഗത്തു പ്രചാരണവുമായി വന്നാല്‍ വെറുതെ വിടില്ലെന്ന് ഭീഷണിപ്പെടുത്തി. ബുധനാഴ്ച വൈകുന്നേരം 4.30 തോടെ ആയിരുന്നു അക്രമം. വ്യാഴാഴ്ച നടക്കുന്ന പേരാവൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പ്രചാരണവുമായി എത്തിയതായിരുന്നു വാഹനം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ്, നേതാക്കളായ വി.വി. ചന്ദ്രന്‍, മനോഹരന്‍ വയോറ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും മുഴക്കുന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തങ്ങളുടെ മേഖലകളില്‍ ആധിപത്യം നിലനിര്‍ത്താമെന്നത് സി.പി.എമ്മിന്റെ വ്യാമോഹമാണെന്ന് മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ് പറഞ്ഞു.